ശബരിമലയില്‍ ഉണ്ണിയപ്പ പ്ലാന്റിന്റെ പ്രവര്‍ത്തനം തടഞ്ഞത് അനുചിതം, തീരുമാനത്തിനു പിന്നില്‍ നിഗൂഢ താല്‍പര്യമെന്ന് ദേവസ്വം മന്ത്രി

സന്നിധാനം: ഗുണനിലവാരത്തിന്റെ പേരില്‍ ശബരിമലയിലെ ഉണ്ണിയപ്പ പ്ലാന്റ് പൂട്ടാനുള്ള തീരുമാനം അനുചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തീര്‍ഥാടകര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി കഴുകി വൃത്തിയാക്കിയാണ് വര്‍ഷങ്ങളായി ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.ഭക്തര്‍ ഉപേക്ഷിച്ചു പോകുന്നതോ മണ്ണും മാലിന്യവും കലര്‍ന്നതോ ആയ അരിയല്ലത് . അതിന്റെ വൃത്തിയും പരിശുദ്ധിയും സംബന്ധിച്ച് തര്‍ക്കങ്ങളും ഉണ്ടായിട്ടില്ല .അരിയില്‍ ഒരു തരത്തിലും മാലിന്യം കടന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകളും ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്.അതുകൊണ്ടു തന്നെ 2013 ലെ കോടതി ഉത്തരവിന്റെ പേരില്‍ ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തിനു പിന്നില്‍ നിഗൂഢ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണിയപ്പം ഉള്‍പ്പടെയുള്ള പ്രസാദം തയ്യാറാക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .200 ഡിഗ്രി സെല്‍ഷ്യസില്‍ നെയ് തിളപ്പിച്ചു ശാസ്ത്രീയമായാണ് അപ്പം ഉണ്ടാക്കുന്നത് .അതുകൊണ്ടുതന്നെ ഇതിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്തുന്നത് മനപ്പൂര്‍വ്വമാണ് .ഭക്തജനത്തിരക്കുള്ള മകരവിളക്ക് കാലത്തുതന്നെ ഇത്തരമൊരു നടപടി എടുത്തത് ദുഷ്‌കരമാണെന്നും മന്ത്രിപറഞ്ഞു .അപ്പത്തിന്റെ നിര്‍മ്മാണം തടസപ്പെടുത്തിയ നടപടി ഭക്ത ലക്ഷങ്ങളുടെ വികാരം കണക്കിലെടുത്ത് ഉടന്‍ പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ മറ്റേതൊരു മികച്ച തീര്‍ഥാടന കേന്ദ്രത്തിലും ലഭ്യമാകുന്നത് പോലെ മെച്ചപ്പെട്ട സൗകര്യമാണ് ശബരിമലയിലും ഉള്ളത് .അതിനെ മന:പൂര്‍വ്വം അവഹേളിക്കാന്‍ നടത്തുന്ന ശ്രമമായി മാത്രമേ ഇപ്പോള്‍ പ്ലാന്റ് പൂട്ടിയ നടപടിയെ കാണാന്‍ സാധിക്കൂവെന്നും ദേവസ്വം മന്ത്രി പറഞ്ഞു .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top