പൊലീസ് നോക്കി നില്‍ക്കെ ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം; സംഭവം പുതുവത്സര ആഘോഷത്തിനിടെ (ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്)

ബംഗളൂരു: പുതുവത്സര രാവിന്റെ ആഘോഷങ്ങളില്‍ ബംഗളൂരുവില്‍ പല സ്ത്രീകള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലെ പ്രശസ്തമായ എംജി റോഡിലെ ആഘോഷങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പൊതു നിരത്തില്‍ അഴിഞ്ഞാടുന്നവരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം എന്ന വിശേഷണമുള്ള ബംഗളൂരുവില്‍ നടന്ന അഴിഞ്ഞാട്ടത്തെ ബാംഗ്ലൂര്‍ മിറര്‍ എന്ന പത്രത്തിലെ ഫോട്ടോ ജര്‍ണലിസ്റ്റാണ് പുറത്ത് കൊണ്ടുവന്നത്.

അതിക്രമങ്ങള്‍ക്ക് ഇരയായ ഒട്ടേറെ സ്ത്രീകളെ താന്‍ നേരിട്ട് കണ്ടതായി ഫോട്ടോ ജര്‍ണലിസ്റ്റായ ചൈതന്യ സ്വാമി വ്യക്തമാക്കുന്നു. ആഘോഷ രാവില്‍ നടന്ന അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

ബാംഗ്ലൂര്‍ മിറര്‍ അച്ചടിച്ച ചിത്രങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ നേര്‍ചിത്രമാണ് പൊതു സമൂഹത്തിന് ലഭിച്ചത്.

അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ പൊലീസില്‍ വന്ന് അഭയം പ്രാപിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ചിലര്‍ കരഞ്ഞുകൊണ്ട് കൈകളില്‍ ചെരുപ്പുമായി അക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് കൂട്ടിചേര്‍ത്തു.

സംഭവത്തില്‍ തങ്ങള്‍ക്ക് പരാതി ഇത് വരെ ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുതുവത്സര രാവില്‍ നടന്ന അതിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top