കണ്ണൂരില്‍ പൊലീസുകാര്‍ക്ക് പതഞ്ജലിയുടെ നേതൃത്വത്തില്‍ യോഗ; പ്രതിഷേധവുമായി പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാര്‍ക്കായി പതഞ്ജലിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗ ക്യാമ്പിനെതിരേ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. മതസങ്കുചിത വീക്ഷണത്തോടെയാണ് യോഗ നടത്തുന്നതെന്നും യോഗ സിലബസ് മാറ്റണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. തലശേരി സബ് ഡിവിഷനിലെ നൂറ്റമ്പതോളം പോലീസുകാര്‍ക്കാണ് ഇന്നു രാവിലെ യോഗ പരിശീലനം നല്‍കിയത്.

തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ ഏഴുമണിയോടെയാണ്  ക്യാമ്പ് സംഘടിപ്പിച്ചത്. ഡിജിപിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് തലശേരി ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗ. പതഞ്ജലിയുടെ നേതൃത്വത്തില്‍ നടന്ന യോഗ പരിശീലനത്തില്‍ എസ്‌ഐമാരും സിഐമാരുമുള്‍പ്പെടെ നൂറ്റമ്പതോളം പോലീസുകാര്‍ പങ്കെടുത്തു.

ബിജെപി-ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത് മാതാ കീജയ്, വന്ദേമാതരം, ഓംകാരം തുടങ്ങിയ പദപ്രയോഗങ്ങള്‍ യോഗയ്ക്കിടെ ആവര്‍ത്തിച്ച് പറയിപ്പിച്ചതായി ഒരുവിഭാഗം പോലീസുകാര്‍ ഉന്നതോദ്യോഗസ്ഥരോട് വാക്കാല്‍ പരാതി അറിയിച്ചു. ഇതിനു പിന്നാലെയാണ് യോഗ പരിശീലനത്തിനെതിരേ പി ജയരാജന്‍ രംഗത്തെത്തിയത്.

മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് നിര്‍ത്തലാക്കണമെന്നും യോഗ സിലബസ് മാറ്റണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. പോലീസിനെതിരേ തുടര്‍ച്ചയായി പി ജയരാജന്‍ രംഗത്തെത്തുന്നത് സിപിഐഎമ്മില്‍ ഇതോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top