മോഹന്‍ലാല്‍, ദുല്‍ഖര്‍, ജയറാം, ദിലീപ് ചിത്രങ്ങള്‍; 2017-ലും ആവര്‍ത്തിക്കുമോ ‘വൈശാഖ് മാജിക്ക്’

വൈശാഖ്

മലയാള സിനിമയ്ക്ക് 100 കോടി ക്ലബ്ബ് പരിചയപ്പെടുത്തിയ വൈശാഖ് തന്നെയാണ് പോയ വര്‍ഷത്തെ സൂപ്പര്‍ സംവിധായകന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം വൈശാഖ് എന്ന സംവിധായകന്റെ നിശ്ചയദാര്‍ഢ്യത്തില്‍ പിറന്ന ഹിറ്റ് ചിത്രമാണ്. ഈ പൊന്നിന്‍ തിളക്കമുള്ള വിജയം പുതുവര്‍ഷത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വൈശാഖ്.

മോളിവുഡിന്റെ അരമന രഹസ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് വൈശാഖിന്റെ 2017-ലെ പ്രൊജക്ടുകള്‍. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് വൈശാഖിന്റെ അടുത്ത സംവിധാന സംരംഭം. അതുകഴിഞ്ഞുള്ള ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത് എന്നും അതില്‍ ജയറാമാണ് നായകനെന്നും വാര്‍ത്തകള്‍ ഉണ്ട്. ഈ ബഹുഭാഷാ ചിത്രം വിഎഫ്എക്‌സിന് പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ മലയാളം പതിപ്പില്‍ മാത്രമാണ് ജയറാം നായകനായി എത്തുന്നത് എന്നാണ് അറിയുന്നത്.

സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതാണത്രെ മൂന്നാമത്തെ പ്രൊജക്ട്. പുലിമുരുകന്‍ പോലെ മറ്റൊരു മാസ് എന്റര്‍ടെയിനറായിരിക്കും വൈശാഖിന്റെ ഈ മോഹന്‍ലാല്‍ ചിത്രമെന്നും ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുക എന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുലിമുരുകന്‍ സൃഷ്ടിച്ച പ്രതീക്ഷകള്‍ പൂര്‍ണമായും നിലനിര്‍ത്തുന്നതായിരിക്കും ഈ ചിത്രമെന്നാണ് വൈശാഖ് പറയുന്നത്. പുലിമുരുകന്റെ രചയിതാവായ ഉദയകൃഷ്ണ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും തൂലിക ചലിപ്പിക്കുന്നത്.

ജനപ്രിയ നായകന്‍ ദിലീനെ നായകനാക്കിയാണ് വൈശാഖിന്റെ നാലാമത്തെ ചിത്രം. ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടിയുള്ള ചിത്രമാണ് ഇത്. അതുകഴിഞ്ഞ് യുവ സൂപ്പര്‍ താരം ദുല്‍ഖറിനൊപ്പവും വൈശാഖ് കൈ കോര്‍ക്കുന്നുവെന്നാണ് അണിയറ സംസാരം. എന്തായാലും 2017 വൈശാഖിന്റേതായിരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top