special page

സൗദി അറേബ്യയില്‍ സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെച്ചു

പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ ഈ മാസം പതിനൊന്നിന് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് വീണ്ടും നീട്ടിവെച്ചു. സ്വകാര്യ സംരംഭകര്‍ക്ക് മതിയായ സാവകാശം ലഭിക്കുന്നതിനാണ് പദ്ധതി നീട്ടിവെച്ചതെന്നു തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത് 2013 ലാണ് സൗദി അറേബ്യ പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്വഭാവം അനുസരിച്ചു  നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ മാസം 11 ന് നിലവില്‍ വരുമെന്നു പ്രഖ്യാപിച്ചിരുന്ന സന്തുലിത നിതാഖാത് പ്രകാരം സ്വദേശിവത്ക്കരണ അനുപാതം, സ്വദേശികളുടെ  ശരാശരി വേതനം, തൊഴിലാളികളില്‍ സ്വദേശി വനിതകളുടെ എണ്ണം, സ്വദേശികളുടെ തൊഴില്‍ സ്ഥിരത, ഉയര്‍ന്ന വേതനവും ഉന്നത പദവിയുമുളള സ്വദേശി ജീവനക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന പദ്ധതിയാണ് സന്തുലിത നിതാഖാത്. രാജ്യത്തെ വിവിധ ചേംബര്‍ ഓഫ് കോമേഴ്‌സ് സന്തുലിത നിതാഖാത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും പെട്ടെന്ന് നടപ്പിലാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

സ്വകാര്യ മേഖലയുടെ താല്‍പര്യം കണക്കിലെടുത്താണ് സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നതെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഡോ. അലി അല്‍ ഗഫീസ് പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുളള മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ വ്യാജ സ്വദേശിവത്ക്കരണം വ്യാപകമായി കണ്ടെത്തിയിരുന്നു. ഇതു പൂര്‍ണമായി ഇല്ലാതാക്കുന്നതിന് സന്തുലിത നിതാഖാതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top