സൂര്യനമസ്കാരം ചെയ്ത കൈഫിനെതിരെ ട്വിറ്റര്‍ ആക്രമണം; ദൈവം തന്റെ ഹൃദയത്തിലെന്ന് താരത്തിന്റെ മറുപടി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. സൂര്യനമസ്‌കാരം ചെയ്തതിനാണ് കൈഫിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കും ഭാര്യക്കും നേരെയുണ്ടായ സദാചാരവാദികളുടെ കമന്റ് ആക്രമണത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്നെയാണ് പുതിയ വിവാദം.

സൂര്യ നമസ്‌കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. സൂര്യനമസ്‌കാരം ശരീരത്തിന് അനുയോജ്യമായ വ്യായാമമാണെന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

എന്നാല്‍ സൂര്യ നമസ്‌കാരം ഇസ്ലാമിക വിരുദ്ധമാണ്. അള്ളാഹുവിന് മുന്നിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും നമസ്‌കരിക്കരുതെന്നും പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി.

വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ഉടന്‍ തന്നെ കൈഫ് രംഗത്ത് വന്നു. അള്ളാഹു എന്റെ ഹൃദയത്തിലാണുള്ളത്. സൂര്യനമസ്‌കാരമോ മറ്റു വ്യായാമങ്ങള്‍ ചെയ്യുന്നതും മതവിശ്വാസവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും കൈഫ് ചോദിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് ഷമിയും സദാചാര പൊലീസുകാരുടെ കമന്റ് ആക്രമണത്തിന് ഇരയായിരുന്നു. ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ കൈ നീളമില്ലാത്ത ഒരു ഗൗണ്‍ ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് സദാചാര പൊലീസുകാരെ ചൊടിപ്പിച്ചത്. ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷമിയെയും ഭാര്യയെയും മതം പഠിപ്പിക്കാനെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top