മഞ്ജു വാര്യര്‍ക്ക് മോഹന്‍ലാലിനോട് ഒടുക്കത്തെ ആരാധനയാണ്! കാരണം എന്താണെന്നോ?

മോഹന്‍ലാല്‍,മഞ്ജു വാരിയര്‍ (ഫയല്‍ ചിത്രം)

കൊച്ചി: മോഹന്‍ലാലിന്റെ ആരാധികയാകാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ ആരാധന തലയ്ക്ക് പിടിച്ച കഥാപാത്രമായായിരിക്കും മഞ്ജു പുതിയ ചിത്രത്തിലെത്തുക. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ കടുത്ത ആരാധികയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ പേരും മോഹന്‍ലാല്‍ എന്നു തന്നെയാണ്.

മാധ്യമ പ്രവര്‍ത്തകനും നിരവധി ടെലിവിഷന്‍ ഷോകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുമുള്ള സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു മോഹന്‍ലാല്‍ ആരാധികയായി എത്തുന്നത്. സിനിമയുടെ അണിയറ പ്രവര്‍കത്തകരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും ഉണ്ടായിട്ടില്ലെങ്കിലും ഉടനെ തന്നെ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

തോളല്‍പ്പം ചെരിച്ച് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് മോഹന്‍ലാല്‍ കടന്ന് വന്നത് 1980 ലായിരുന്നു. ക്രിസ്തുമസ് ചിത്രമായി പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രം പുറത്തിറങ്ങിയ അതേ ദിവസം ജനിച്ച കുട്ടിയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത് എന്നാണ് കേള്‍ക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള കാലയളവിലെ കഥയായിരിക്കും ചിത്രം പറയുകയെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടോ എന്നതടക്കമുള്ള സംശയങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഉടനെ തന്നെ ഉത്തരം നല്‍കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top