ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാളെ കേരളത്തിലെത്തിക്കും

പ്രതീകാത്മക ചിത്രം

റിയാദ്:  ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച മലയാളിയുടെ മൃതദേഹം 17 മാസത്തിനു ശേഷം നാളെ കേരളത്തിലെത്തിക്കും. കൊല്ലം അഞ്ചല്‍ സ്വദേശി അച്ചന്‍കുഞ്ഞു യോഹന്നാന്‍ തോമസിന്റെ മൃതദേഹമാണ് റിയാദില്‍ നിന്നു നാട്ടിലെത്തിക്കുന്നത്. മൃതദേഹം നാളെ രാവിലെ പതിനൊന്നിന് തിരുവനന്തപുരത്ത് എത്തും.

അല്‍ ഖര്‍ജില്‍ ഹൗസ് ഡ്രൈവറായിരുന്ന യോഹന്നാന്‍ തോമസിനെ 2015 ജൂലൈ 28 ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലുടമയില്‍ നിന്നു തൊഴില്‍ ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ ഇയാള്‍ ഹുറൂബിന്റെ ഗണത്തിലായിരുന്നു. മരണ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധമായില്ല. ഇതോടെ തൊഴിലുടമയും കയ്യൊഴിഞ്ഞു. ദീര്‍ഘകാലം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അല്‍ ഖര്‍ജില്‍ സംസ്‌കരിക്കാന്‍ ഗവര്‍ണറേറ്റ് ഉത്തരവിട്ടു. അതിനിടെ ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായം തേടി.

നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട് യോഹന്നാന്‍ തോമസിന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധത അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ നിയമ നടപടി പൂര്‍ത്തിയായെങ്കിലും തോമസിന്റെ മകന്റെ പരീക്ഷ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിച്ചാല്‍ മതിയെന്ന നിലപാട് വീട്ടുകാര്‍ സ്വീകരിച്ചത്. ഇതിനിടെ പാസ്‌പോര്‍ടില്‍ രേഖപ്പെടുത്തിയ എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞു. ഇതോടെ മൃതദേഹം കയറ്റി അയക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിലായി.

ഇന്ത്യന്‍ എംബസി സൗദി പാസ്‌പോര്‍ട് വകുപ്പിന്റെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കിയതോടെയാണ് ഇന്നു വൈകുന്നേരം 3.45ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയച്ചത്. തൊഴിലുടമ സഹകരിക്കാത്തതിനാല്‍ മൃതദേഹം അയക്കുന്നതിനുളള മുഴുവന്‍ ചെലവും ഇന്ത്യന്‍ എംബസിയാണ് വഹിച്ചത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top