ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം കിരീടം കേരളത്തിന്

ഫയല്‍ ചിത്രം
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം കിരീടം കേരളത്തിന്. അത്യന്തം ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ശക്തരായ റെയില്‍വേസിനെ വീഴ്ത്തിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. അതേസമയം വനിതകളുടെ ഫൈനല്‍ പോരാട്ടത്തില്‍ കേരളം റെയില്‍വേസിനു മുന്നില്‍ കീഴടങ്ങി.
വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ ചുണക്കുട്ടന്മാര് എതിരാളികളെ കെട്ട് കെട്ടിച്ചത്. വനിതകളുടെ ഫൈനലില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ച് തന്നെയാണ് പുരുഷന്മാര് കോര്‍ട്ടിലിറങ്ങിയത്. ആദ്യ സെറ്റ് എതിരാളികള്‍ക്ക് പോരാടാന്‍ പോലും അവസരം നല്‍കാതെ 25-17ന് കേരളം സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ ഉണര്‍ന്ന് കളിച്ച റെയില്‍വേസ് കേരളത്തെ വിറപ്പിച്ചു. 25-20ന് സെറ്റ് സ്വന്തമാക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ പക്ഷേ വിജയം കേരളത്തിനൊപ്പം നിന്നു. 26-24നാണ് മൂന്നാം സെറ്റ് കേരളം സ്വന്തമാക്കിയത്. എന്നാല്‍ നാലാം സെറ്റ് 27-25ന് സ്വന്തമാക്കിക്കൊണ്ട് റെയില്‍വേസ് വീണ്ടും ആഞ്ഞടിച്ചതോടെ മത്സരം നിര്‍ണ്ണായകമായ അഞ്ചാം സെറ്റിലേക്ക് കടന്നു. അഞ്ചാം സെറ്റ് 15-9 ന് സ്വന്തമാക്കി കേരളം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു വനികളുടെ തോല്‍വി. ആദ്യ സെറ്റ് വഴങ്ങിയ കേരളം രണ്ടാം സെറ്റിലൂടെ തിരിച്ച് വന്നെങ്കിലും മൂന്നും നാലും സെറ്റുകള്‍ സ്വന്തമാക്കി റെയില്‍വേസ് കിരീടം കേരളത്തില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. സ്കോര്‍ 25–21, 21–25, 25– 15, 25–21
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക