പ്രണയത്തിന് മുന്നില്‍ ജാതിയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതായ പ്രണയകഥ ഇങ്ങനെ

മലപ്പുറം: ജാതിയുടെ വേലിക്കെട്ടുകള്‍ ഇല്ലാതാക്കി ഗിരീഷും സുനുവും ഒന്നായി. നിലമ്പൂര്‍ ഉള്‍വനത്തിലെ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട സുനു കൃഷ്ണയും നായര്‍ സമുദായാംഗമായ ഗിരീഷുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. എടക്കര സ്വദേശി ചന്ദ്രശേഖരന്‍-ദേവകി ദമ്പതികളുടെ മകനാണ് ഗിരീഷ്. കരുളായി മാഞ്ചീരി കോളനിയിലെ ചെല്ലന്‍-വിജയ ദമ്പതികളുടെ മകളാണ് സുനു

ഒരു വര്‍ഷം മുന്‍പ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ഇരുവരും ആദ്യം കാണുന്നത്. രോഗികള്‍ക്കൊപ്പം കൂട്ടിനുവന്ന ഇരുവരും അവിചാരിതമായി പരിചയപ്പെടുകയും സൗഹൃദം പ്രണയത്തിലേക്ക് വളരുകയുമായിരുന്നു. ബന്ധം ആദ്യമറിയിച്ചത് ഗിരീഷിന്റെ വീട്ടിലായിരുന്നു. ആദ്യം വിസ്സമ്മതിച്ചെങ്കിലും ഗിരീഷിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വീട്ടുകാര്‍ക്ക് മറിച്ചൊരു വാക്ക് പറയാനായില്ല. ഇതോടെയാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. എടക്കരയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും കാടിറങ്ങി വരാനുളള ബുദ്ധിമുട്ട് കാരണം വിവാഹം വരന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

നവദമ്പതികളുടെ വിവാഹത്തോടനുബന്ധിച്ച് കാട്ടില്‍ പ്രത്യേക പൂജയും നൃത്തം ഉള്‍പ്പടെയുളള ആഘോഷങ്ങളും നടന്നു. മലദൈവങ്ങളെ ആരാധിക്കുന്ന ചോലനായ്ക്കര്‍ വിഭാഗക്കാരുടെ കല്യാണം ആഘോഷമാക്കിയാണ് നടത്താറ്. ഇരുവരുടെയും പ്രണയസാഫല്യം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹിറ്റാണ്‌.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top