പാക് ന്യൂസ് സൈറ്റില്‍ ഇനി നിങ്ങള്‍ക്കും വാര്‍ത്തകള്‍ എഴുതാം: പാകിസ്താന്‍ ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകളില്‍ മലയാളികളുടെ തേരോട്ടം

കൊച്ചി:  കേരളത്തിലെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും വേണ്ടായിരുന്നു എന്ന്. പകരത്തിന് പകരമായി പാക് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത മലയാളികള്‍ ഇപ്പോഴിതാ പുതിയ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ സൈറ്റുകള്‍ ഹാക്ക് ചെയ്തത് വലിയ വാര്‍ത്തയായി കൊടുക്കുകയും എന്നാല്‍, തിരിച്ച് കിട്ടിയ പണി മുക്കിക്കളയുകയും ചെയ്ത പാകിസ്താനിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കാണ് ഇത്തവണ പണികിട്ടിയിരിക്കുന്നത്.

പാക് സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാര്‍ നടത്തിയ തേരോട്ടം വാര്‍ത്തയാക്കാന്‍ മടിച്ച പാക് സൈറ്റുകളില്‍ വാര്‍ത്തയെഴുതാനും ചിത്രങ്ങളിടാനും എല്ലാവര്‍ക്കും അവസരമൊരുക്കിയാണ് ഹാക്കര്‍മാര്‍ പണി കൊടുത്തിരിക്കുന്നത്. കേരള സൈബര്‍ വാരിയേഴ്‌സാണ് ഹാക്കിംഗ് നടത്തി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കാശ്മീര്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെയും മിര്‍പൂര്‍ ന്യൂസിന്റേയും യൂസര്‍നെയ്മും പാസ്‌വേര്‍ഡും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതും തിരിച്ചടിയ്ക്ക് വഴിയൊരുക്കിയതും.

കേരള സെെബര്‍ വാരിയേഴ്സിന്റെ പോസ്റ്റ്

കേരള സൈറ്റ് ഹാക്ക് ചെയ്തത് ന്യൂസായി, നമ്മള്‍ തിരിച്ച് ഹാക്കിയതും ട്രോളിയതും പാകിസ്താന്‍ മീഡിയ ന്യൂസ് ആക്കിയില്ല. സങ്കടപ്പെടണ്ട, സ്വന്തമായി പാകിസ്താന്‍ മീഡിയയില്‍ ന്യൂസ് എഴുതാന്‍ അവസരം. എന്ന പറഞ്ഞാണ് കേരള സൈബര്‍ വാരിയേഴ്‌സ് പാക് ന്യൂസ് സൈറ്റായ മിര്‍പൂര്‍ ന്യൂസിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡുമെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്കില്‍ ഇതിന്റെ ലിങ്ക് ഇവര്‍ പങ്ക് വച്ചിട്ടുമുണ്ട്. ഈ ലിങ്കുപയോഗിച്ച് കയറുന്നവര്‍ക്ക് യതേഷ്ടം സൈറ്റില്‍ വാര്‍ത്തകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാം.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് ഇന്നലെ ഹാക്കിങ്ങ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ഹാക്കിങ്ങിന് നേതൃത്വം നല്‍കിയിരിക്കുന്നത് കേരളാ സൈബര്‍ വാരിയേഴ്‌സാണ്. ഹാക്കിയത് ഡി ഗ്രേഡ് സൈറ്റ് ആണെങ്കിലും കളിച്ചത് കേരളത്തില്‍ വന്നാണ്. കിട്ടിയതിനേക്കാള്‍ കൂടുതല്‍ തിരിച്ചു കൊടുക്കുന്നത് മലയാളികള്‍ക് പണ്ടേ ഉള്ള സ്വഭാവം ആണ്. അപ്പോള്‍ ഇന്നലെ നിര്‍ത്തിയടത്തു നിന്ന് നമുക്ക് തുടങ്ങാം അല്ലെ എന്നുപറഞ്ഞു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പാക് സൈറ്റുകളുടെ വിവരങ്ങള്‍ കേരളാ സൈബര്‍ വാരിയേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.

 ഇന്ന് ഹാക്ക് ചെയ്യപ്പെട്ടവയില്‍ പാകിസ്താന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സൈറ്റുകളും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 34 വെബ്‌സൈറ്റുകളുമാണ് ഹാക്ക് ചെയ്തിരിക്കുന്നത്. സുരക്ഷയൊരു മിഥ്യയാണെന്ന മുന്നറിയിപ്പുമായാണ് സൈബര്‍ വാരിയേഴ്‌സിന്റെ ഹാക്കിങ്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ ഇന്നലെ മലയാള സിനിമാ താരങ്ങളെ അവതരിപ്പ് അല്‍പം രസകരമായിട്ടായിരുന്നു ഹാക്കിങ്ങ് എങ്കില്‍ ഇന്ന് മലയാളികള്‍ ദേശസ്‌നേഹമാണ് പാക് സൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വന്ദേമാതരം പാട്ടിനോടൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റ കരുത്ത് വിളിച്ചോതുന്ന നിരവധി ചിത്രങ്ങളും പാക് സെറ്റുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പകരമായി കൂടുതല്‍ പാക് സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്ന മുന്നറിയിപ്പും മലയാളി ഹാക്കര്‍മാര്‍ നല്‍കുന്നു.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവാളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തത്. തങ്ങല്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിങ്ങ്. ഹാക്കിങ്ങിനെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ബുധനാഴ്ച്ച രാത്രിയോടെ സൈറ്റ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചിരുന്നു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top