ശബരിമല യാത്രയില്‍ മാളുവെന്ന നായ നവീനെ പിന്തുടര്‍ന്നത് അറുനൂറിലേറെ കിലോമീറ്റര്‍; ഇരുവരുടേയും യാത്ര കാല്‍ നടയായി

കോഴിക്കോട്: മരിച്ചുപോയ യജമാനന്റെ തിരിച്ച് വരവും കാത്ത് ദിവസങ്ങളോളം ശവക്കല്ലറയ്ക്ക് മുമ്പില്‍ കാവലിരുന്ന നായയെ കുറിച്ചുള്ള റിപ്പോര്‍ട്ട് മുമ്പ് നാം കണ്ടതാണ്. ഇത്തരത്തില്‍ അഗാധമായ യജമാന സ്‌നേഹം കാട്ടുന്ന വളര്‍ത്തു നായ്ക്കളുടെ കഥകള്‍ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ആ വാര്‍ത്തകളൊക്കെ വന്നിരുന്നത് വിദൂര ദേശങ്ങളിലായിരുന്നെന്നു മാത്രം. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഇതാ അരുമയായ ഒരു നായയുടെ കഥ. മാളു എന്ന നായയാണ് ഈ കഥയിലെ നായിക. നായകനാവാട്ടെ കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന ശബരിമല തീര്‍ത്ഥാടകനും.

മാളു ഒരു വളര്‍ത്തു നായ ഒന്നുമല്ല. കാല്‍ നടയായുള്ള നവീനിന്റെ ശബരിമലയാത്രയില്‍ വഴില്‍ നിന്ന് വന്ന് ചേര്‍ന്ന അതിഥിയായിരുന്നു. ഡിസംബര്‍ എട്ടാം തീയതി മൂകാംബികയില്‍ നിന്നാണ് നവീന്‍ ശബരിമലക്ക് കാല്‍നടയായി യാത്ര ആരംഭിച്ചത്. തനിയെ തുടര്‍ന്ന യാത്ര കാസര്‍ഗോഡ് എത്തിയപ്പോഴാണ് മാളുവും കൂടെ ചേര്‍ന്ന്. കിലോമീറ്ററുകളോളം തന്നെ പിന്തുടര്‍ന്ന നായയെ മാളു എന്ന പേരിട്ടു വിളിച്ചു നവീന്‍ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് അവര്‍ ഇരുവരും കാല്‍നടയായി യാത്ര ചെയ്തത് അഞ്ചും പത്തും കിലോമീറ്ററുകളായിരുന്നില്ല. ശബരിമല വരേയുള്ള അറുന്നൂറിലേറെ കീലോമീറ്ററോളം ദൂരമാണ് ഇരുവരും ഒരുമിച്ച് പിന്നിട്ടത്.

പാതയോരങ്ങളിലെ അമ്പലങ്ങളിലായിരുന്നു ഇരുവരുടേയും രാത്രി താമസവും വിശ്രമവും. ഇതിനിടക്ക് ഭക്തി സൂചകമായി മാളുവിന് മുദ്രചാര്‍ത്തുകയും ചെയ്തു. കിലോമീറ്ററുകള്‍ പിന്നിട്ട് യാത്ര സന്നിധാനത്ത് എത്തിയപ്പോള്‍ മാളുവിനെ ഉള്ളിലേക്ക് കയറ്റുമോ എന്ന സംശയമായിരുന്നു നവീനിന്. ഒടുവില്‍ പൊലീസ് സുരക്ഷാ വലയവും കടന്ന് പതിനെട്ടാം പടിവരെ മാളു വീണ്ടും നവീനെ പിന്തുടര്‍ന്നു. നവീന്‍ പതിനെട്ടാം പടി കയറാന്‍ തുടങ്ങിയതോടെ താല്‍ക്കാലികമായി ഇരുവരും വേര്‍പിരിഞ്ഞു. മാളുവിനെ ഇനി കാണില്ല എന്ന വിശ്വാസത്തിലായിരുന്നു പിന്നീട് നവീന്‍ മലയിറങ്ങിയത്.

എന്നാല്‍ തിരികെ പമ്പാ ഗണപതി ക്ഷേത്രത്തിന് മുമ്പില്‍ എത്തിയപ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു നവീന്‍ കണ്ടത്. മണിക്കൂറുകളോളം വിശപ്പും ക്ഷീണവും സഹിച്ച് തന്നെയും കാത്ത് മാളു പമ്പയില്‍ കാത്തിരിപ്പുണ്ടായിരുന്നു. തന്റെ പുതിയ യജമാനനെ കണ്ടതോടെ മാളു വീണ്ടും ഉന്‍മേഷവതിയായി നവീനെ പിന്തുടര്‍ന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മാളുവിനെ ഉപേക്ഷിക്കാന്‍ മനസ്സുവരാത്ത നവീന്‍ കെഎസ്ആര്‍ടിസിയില്‍ സ്‌പെഷല്‍ ടിക്കറ്റെടുത്ത് മാളുവിനെ ബേപ്പൂരിലെ വീട്ടിലെത്തിച്ചു.

ഇപ്പോള്‍ ബേപ്പൂരിലെ വീട്ടില്‍ സുഖമായി കഴിയുകയാണ് മാളു. ധാരാളം ആളുകള്‍ പുതിയ അതിഥിയെ കാണാന്‍ നവീന്റെ വീട്ടില്‍ എത്തുന്നത്. സംഭവം ശ്രദ്ധേയമായതോടെ നിരവധി ദേശീയ മാധ്യമങ്ങളുള്‍പ്പെടെയുള്ളവ മാളുവിന്റേയും നവീന്റേയും യാത്ര വാര്‍ത്തയാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top