ആ റെക്കോര്‍ഡിന് ‘ഇരയായത്’ ഹാഷിം അംല!; കണക്കില്‍ സച്ചിന്‍ മുമ്പില്‍


പോര്‍ട്ട് എലിസബത്ത്: ഒരപൂര്‍വ റെക്കോര്‍ഡുമായാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബിഡബ്ലിയുവിലൂടെ (ലെഗ് ബിഫോര്‍ വിക്കറ്റ്) പുറത്താകുന്ന 10,000മത്തെ കളിക്കാരനായി അംല. 48 റണ്‍സുമായാണ് അംല കളം വിട്ടത്. ബാറ്റ്‌സ്മാന് ആഹ്ലാദിക്കാനുള്ള വകയൊന്നുമല്ല ഈ നേട്ടമെങ്കിലും ക്രിക്കറ്റ് റെക്കോര്‍ഡ് ബുക്കില്‍ കുറിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. നുവാന്‍ പ്രതീപിനായിരുന്നു വിക്കറ്റ്. പുറത്താക്കിയ പ്രതീപിന്റെ പേരും റെക്കോര്‍ഡിനൊപ്പം ചേരും.
ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ഡി ഡബ്ലിയു നടപ്പിലാക്കിയത് മുതലുള്ള കണക്കാണിത്. ടെസ്റ്റില്‍ എല്‍ബി വിക്കറ്റിലൂടെ ഏറ്റവും തവണ ഔട്ടായത് ഇന്ത്യയുടെ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 296 ഔട്ടായപ്പോള്‍ 63 തവണയാണ് എല്‍ബി വിക്കറ്റിലൂടെ സച്ചിന്‍ പുറത്തായത്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദ്രപോളിനാണ് രണ്ടാം സ്ഥാനം. 231ല്‍ 55 തവണയാണ് എല്‍ബിഡബ്ലിയുവിലൂടെ പോള്‍ പുറത്തായത്. 50 ലെത്തിയ മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചാണ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഇംഗ്ലണ്ടിന്റെ അലസ്റ്റയര്‍ കുക്ക്(47)യൂനിസ് ഖാന്‍(43) എന്നിവരും അമ്പതിനടുത്തെത്തി.

എല്‍ബിയിലൂടെ പുറത്താക്കിയ ബൗളര്‍മാരില്‍ ക്രെഡിറ്റ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലയ്ക്കാണ്. കുംബ്ലെ വീഴ്ത്തിയ 619 വിക്കറ്റുകളില്‍ 156ഉം എല്‍ബി വിക്കറ്റിലൂടെയാണ്. 800വിക്കറ്റില്‍ 150മായി ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍ 708 വിക്കറ്റുകളില്‍ 138മായി ഓസ്‌ട്രേലിയയുടെ ഷെയിന്‍ വോണ്‍ എന്നിവരാണ് തൊട്ടടുത്തുള്ളവര്‍. ബൗളര്‍മാരെ കൂടുതല്‍ പരിഗണിച്ച് കൊണ്ടാണ് എല്‍ബിഡബ്ല്യു നടപ്പിലാക്കിയത്. തെറ്റായ നടപടിയിലൂടെ ബോള്‍ പ്രതിരോധിക്കാതെ കൂടുതല്‍ ജാഗ്രതയോടെ വിക്കറ്റിന് മുമ്പില്‍ നില്‍ക്കാന്‍ ബാറ്റ്‌സ്മാനെ ഓര്‍മ്മപ്പെടുത്തുന്നതാണ് എല്‍ബിഡബ്ല്യു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top