കണ്ണൂരില്‍ വാതിലുകള്‍ കൊട്ടിയടച്ചല്ല ആര്‍എസ്എസ് ക്യാമ്പുകള്‍ നടത്തുന്നതെന്ന് വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: തലശേരി ടാഗോര്‍ വിദ്യാനികേതനില്‍ നടക്കുന്ന പ്രാഥമിക് ശിക്ഷാവര്‍ഗ് എന്ന ക്യാമ്പിന്റെ ദൃശ്യങ്ങളാണിത്. യോഗ, നിയുദ്ധ, ദണ്ഡ, ദ്വന്ദ്വയുദ്ധം തുടങ്ങി നിയമം അനുശാസിക്കുന്ന പരിശീലനങ്ങളും പ്രാര്‍ത്ഥനയും ക്ലാസുകളും മാത്രമേ ഇവിടങ്ങളില്‍ നടക്കുന്നുള്ളൂവെന്ന് ആര്‍എസ്എസ് നേതൃത്വം പറയുന്നു. കഴിഞ്ഞ ദീപാവലിക്ക് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ റൂട്ട് മാര്‍ച്ചില്‍ ഈ മുറകളെല്ലാം പ്രദര്‍ശിപ്പിച്ചിരുന്നു.

ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നേരില്‍ക്കണ്ട് മനസിലാക്കാമെന്നും ആര്‍എസ്എസ് കാര്യകാര്യാംഗം വത്സന്‍ തില്ലങ്കേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന മൂന്ന് ക്യാമ്പുകള്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൊടുത്ത സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നടപടി സംഘടനാസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. ക്യാമ്പിലൂടെ ജില്ലയിലെ അഞ്ഞൂറോളം കുട്ടികള്‍ സംഘത്തിലേക്ക് ആകൃഷ്ടരാകുന്നതിലെ ആശങ്കയാണ് സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. ഇതിനെ പ്രതിരോധിക്കുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

സംസ്ഥാനത്തെ 43 കേന്ദ്രങ്ങളില്‍ ഒരേസമയം ക്യാമ്പുകള്‍ നടന്നിട്ടും കണ്ണൂരില്‍ നിന്നുമാത്രം പരാതി ഉയരുന്നതിന്റെ യുക്തിയെന്തെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top