ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കും

പ്രതീകാത്മക ചിത്രം

ദുബായ്: ദുബായിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ജനുവരി ഒന്നുമുതല്‍ പിഴ ഈടാക്കി തുടങ്ങും. അതെസമയം, സമയപരിധി തീരാറായതോടെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നത് പല കമ്പനികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിന് ദുബായി ഹെല്‍ത്ത് അതോറിട്ടി അനുവദിച്ചിട്ടുള്ള സമയപരിധി ഡിസംബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കും. ജനുവരി ഒന്നുമുതല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവരില്‍ നിന്നും പ്രതിമാസം അഞ്ഞൂറ് ദിര്‍ഹം വീതം പിഴയായി ഈടാക്കും. സമയപരിധി തീരാന്‍ മൂന്ന് ദിവസം കൂടിയുണ്ടെങ്കിലും ഒരു പ്രവര്‍ത്തിദിനം മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ തിരക്കാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. പല സ്ഥാപനങ്ങളിലും അപേക്ഷകള്‍ കെട്ടിടിക്കുകയാണ്. തിരക്ക് വര്‍ദ്ധിച്ചതോടു കൂടി പല കമ്പനികളും വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഗ്രൂപ്പ് ഇന്‍ഷുറന്‍സിനുള്ള അപേക്ഷ മാത്രമാണ് അവസാന ദിവസങ്ങളില്‍ സ്വീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് സ്ഥാപന ഉടമകളും ആശ്രിത വിസയിലുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാരും ആണ് ഇന്‍ഷുറന്‍സ് എടുത്തു നല്‍കേണ്ടത്. അതുകൊണ്ട് തന്നെ പിഴ ഈടാക്കുന്നതും തൊഴിലുടമയില്‍ നിന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നും തന്നെ. ജനുവരി ഒന്ന് മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കുവാനും കഴിയില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധിയായി ആരോഗ്യവകുപ്പ് ആദ്യം നിശ്ചയിച്ചിരുന്നത് ജൂണ്‍ മുപ്പതായിരുന്നു. എന്നാല്‍ പിന്നീട് അത് ജനുവരി ഒന്നുവരെ നീട്ടി. അതേസമയം മൊത്തം ജനസംഖ്യയുടെ തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം പേരും ഇന്‍ഷുറന്‍സ് എടുത്തുകഴിഞ്ഞതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top