‘ അവളുടെ ശരീരത്തിലെ കാണാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ വല്ലതും കാണുന്നുണ്ടോ? ‘ ; മരുമകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഷമിയുടെ പിതാവ്

ദില്ലി: സ്ലീവ്‌ലെസ് വസ്ത്രമണിഞ്ഞ ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ തീവ്രമത വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മകനും മരുമകള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി ഷമിയുടെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണ രീതി മതവികാരത്തെ വ്രണപ്പെടുത്തുന്നതും അധാര്‍മ്മികമാണെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ വിമര്‍ശനങ്ങള്‍.

ഭാര്യയെ നിലയ്ക്ക് നിര്‍ത്താനും പര്‍ദ്ദയണിയിക്കാനുമായിരുന്നു കമന്റുകള്‍. തന്റെ പന്തുപോലെ തന്നെ തീപാറുന്ന മറുപടിയായിരുന്നു ഷമി ട്രോളന്മാര്‍ക്ക് നല്‍കിയത്. ആരും അസൂയപ്പെടണ്ടെന്നും തന്റെ കുടുംബത്തിനും തനിക്കും വേണ്ടതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നുമായിരുന്നു ഷമിയുടെ മറുപടി. എന്നിട്ടും വായടക്കാന്‍ തയ്യാറാകാത്ത വിമര്‍ശകര്‍ക്കുള്ള മറുപടിയുമായാണ് ഷമിയുടെ പിതാവ് തൗഷീഫ് അഹമ്മദ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ മരുമകളുടെ വസ്ത്രധാരണത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്ന് പറഞ്ഞ പിതാവ് അവളുടെ ശരീരത്തില്‍ പരസ്യമാക്കപ്പെടാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണുന്നുണ്ടോ എന്നും ചോദിക്കുന്നു. മരുമകളുടെ വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഖുറാനില്‍ സ്ലീവ്‌ലെസ് ധരിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മരുമകള്‍ തനിക്ക് മകളെ പോലെയാണെന്നും ഇന്നത്തെ കാലത്ത് എല്ലാവരും ബുര്‍ക്ക ധരിക്കാറില്ലെന്നും ഇതേ ആളുകള്‍ പാകിസ്താനിലേയും ഇറാനിലേയും ഇറാഖിലേയും സിനിമനടിമാരോടും രാഷ്ട്രീയരംഗത്തെ സ്ത്രീകളോടും ഇതുപോലെ സംസാരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ മകന്‍ ഒരു രാജ്യാന്തര താരമാണ്. അതിനാല്‍ അതിന് ചേരുന്നതായിരിക്കും അവന്റെ ജീവിതമെന്നും ഷമിയുടെ പിതാവ് അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top