കൈകാലുകള്‍ ഇല്ലാത്തതിനാല്‍ ജീവിതം മുഴുവന്‍ പ്ലാസ്റ്റിക്ക് ബക്കറ്റിനുള്ളില്‍; ഒടുവില്‍ ക്രിസ്മസ് ദിനത്തില്‍ അവള്‍ സ്വര്‍ഗത്തിലേക്ക് യാത്രയായി

റെഹ്മാ ഹരുണ (ഫയല്‍ ചിത്രം)

കാനോ, നൈജീരിയ: ചിലത് കാണുമ്പോള്‍ നമ്മള്‍ അറിയാതെ ചോദിച്ചു പോകും, ദൈവം ഉണ്ടെങ്കില്‍ ആ ദൈവം ഇത്രയും ക്രൂരനാണോയെന്ന്. അത്തരമൊരു സംഭവമാണിത്. നൈജീരിയയില്‍ നിന്നുള്ള ഈ വാര്‍ത്ത വായിച്ചാല്‍ ഹൃദയമുള്ളവരുടെയെല്ലാം കണ്ണില്‍ നനവ് പടരും.

റെഹ്മാ ഹരുണ എന്നായിരുന്നു ഈ 19-കാരിയുടെ പേര്. ജന്‍മനാ കൈകാലുകള്‍ ഇല്ലാത്ത ഇവളുടെ അരയ്ക്ക് താഴോട്ട് വളര്‍ച്ചയും ഇല്ലായിരുന്നു. 10 വയസുകാരനായ സഹോദരനാണ് റെഹ്മയെ എടുത്ത് നടക്കാറുണ്ടായിരുന്നത്. ഒരു പ്ലാസ്റ്റിക്ക് ബക്കറ്റില്‍ ഇരുത്തി ആ ബക്കറ്റുമെടുത്താണ് അവളെ സഹോദരന്‍ കൊണ്ട് നടക്കാറ്. ഇതിന്റെ ദൃശ്യങ്ങള്‍ സാനി മൈക്കാട്ടാംഗ എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് പുറത്തു വിട്ടപ്പോഴാണ് റെഹ്മയുടെ കഥ പുറം ലോകമറിഞ്ഞത്.

ഇപ്പോള്‍ സാനി മൈക്കാട്ടാംഗ തന്നെ മറ്റൊരു വാര്‍ത്തയും പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ്; അവള്‍ ഈ ലോകം വിട്ടു പോയ വാര്‍ത്ത. വിധിയുടെ ഈ ക്രൂരതയില്‍ നിന്നുള്ള മോചനമെന്നോണം ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് അവള്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത്.

വീഡിയോ:

അരയ്ക്ക് താഴോട്ടുള്ള തളര്‍ച്ചയും, കൈകാലുകളില്ല എന്നതുമൊഴിച്ചാല്‍ മറ്റൊരു ആരോഗ്യ പ്രശ്‌നവും ഇല്ലായിരുന്നു റെഹ്മയ്ക്ക്. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുട്ടി തന്നെയായിരുന്നു അവള്‍. സഹിക്കാനാകാത്ത അത്രയും കടുത്ത വേദനയുള്ളതിനാലാണ് റഹ്മയെ സഹോദരന്‍ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ ഇരുത്തി കൊണ്ടു നടന്നിരുന്നത്.

അടുത്തിടെ റെഹ്മയ്ക്ക് സഞ്ചരിക്കാനായി ഒരു വീല്‍ ചെയര്‍ ലഭിച്ചിരുന്നു. എന്നാലും ആ പ്ലാസ്റ്റിക്ക് ബക്കറ്റ് തന്നെയായിരുന്നു അവള്‍ക്ക് ഇഷ്ടം. അതുകൊണ്ട് ആ ബക്കറ്റില്‍ ഇരുന്ന ശേഷം ആ ബക്കറ്റ് വീല്‍ ചെയറില്‍ വെച്ചായിരുന്നു കുറച്ചു കാലമായി റെഹ്മയുടെ സഞ്ചാരം. സ്വന്തമായി ഒരു കട നടത്തി ജീവിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് അടുത്തിടെ അവള്‍ പറഞ്ഞിരുന്നുവത്രെ.

ചിത്രങ്ങളിലെല്ലാം നിറചിരിയോടെ മാത്രമേ അവളെ കാണാന്‍ നമുക്ക് കഴിയൂ. ഈ വൈകല്യത്തിന് തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ ചിരി. ഇപ്പോള്‍ എല്ലാവരേയും വിട്ട് അവള്‍ യാത്രയായി. ഇനി തനിക്ക് എടുത്ത് നടക്കാനായി തന്റെ സഹോദരി ഇല്ല എന്ന സത്യം റെഹ്മയുടെ സഹോദരന് ഉള്‍ക്കൊള്ളാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. റെഹ്മയുടെ ഓര്‍മ്മയായി ആ പ്ലാസ്റ്റിക്ക് ബക്കറ്റ് മാത്രമാണ് ഇപ്പോള്‍ അവനൊപ്പമുള്ളത്.

DONT MISS