special page

2004ല്‍ കെപിസിസിയില്‍, 2016ല്‍ കൊല്ലം ഡിസിസിയില്‍, ഇടയ്ക്ക് മഞ്ചേരിയിലും തമ്പാനൂരിലും; ഉണ്ണിത്താന്റെ ‘തല്ലുചരിത്രം’ ഇങ്ങനെ

രാജ്മോഹന്‍ ഉണ്ണിത്താന്‍ (ഫയല്‍)

കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും ആക്രമണത്തിനിരയായിരിക്കുന്നത്. മുരളീധരന്‍ അനുകൂലികളെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം തനിക്ക് നേരെ വരുമ്പോളും താന്‍ മുണ്ട് കരുതിയിട്ടുണ്ടെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞത്. ഇത് വെറുതെയല്ല. 2004ല്‍ അന്ന് കെപിസിസി എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിലെത്തിയപ്പോള്‍, അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരന്റെ അനുയായികള്‍ ആക്രമിച്ച ഓര്‍മ്മവെച്ച് തന്നെയാകും. അവിടെയും നിന്നില്ല മഞ്ചേരിയില്‍ സേവാദള്‍ പ്രവര്‍ത്തകയ്‌ക്കൊപ്പം രാത്രിയില്‍ പിടികൂടിയപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിഞ്ഞത് നാട്ടുകാരുടെ അടിയുടെ ചൂടാണ്. സോളാര്‍ വിഷയം കത്തുന്ന സമയത്ത് ഒരുദിവസം തിരുവനന്തപുരത്ത് വണ്ടിയിറങ്ങിയപ്പോള്‍ സ്വീകരിച്ചത് സിപിഐഎം പ്രവര്‍ത്തകരായിരുന്നു. അവിടെ നിന്നും ഉണ്ണിത്താന് കനത്ത മര്‍ദനമാണേറ്റത്. ഉണ്ണിത്താന് മര്‍ദനമേല്‍ക്കുന്ന ഓരോ സംഭവങ്ങളും കോണ്‍ഗ്രസ് ചരിത്രത്തില്‍ തന്നെ സുപ്രധാന വഴിത്തിരിവുകളായി അടയാളപ്പെട്ടുവെന്നതാണ്  മറ്റൊരു യാഥാര്‍ത്ഥ്യം.

2016 ഡിസംബര്‍ 28- മുരളിയുടെ രണ്ടാം വില്ലന്‍വേഷം
പ്രതിപക്ഷത്തെ കോണ്‍ഗ്രസിന്റെ പ്രകടനത്തെ സംബന്ധിച്ച കെ മുരളീധരന്റെ പരാമര്‍ശം വളരെ വേഗമാണ് മുരളി-ഉണ്ണിത്താന്‍ പോരിലേക്ക് മാറിയത്. പഴയ ചരിത്രവും സദാചാരവും ഇരുനേതാക്കളും തെരുവില്‍ വഴിച്ചിഴച്ചു. ഉണ്ണിത്താന്‍ ഐ ഗ്രൂപ്പിന്റെ പരസ്യ പിന്തുണയോടെയും, മുരളി എ ഗ്രൂപ്പിന്റെ പരോക്ഷ പിന്തുണയോടെയുമാണ് കരുനീക്കം ആരംഭിച്ചത്. ഇതിനൊടുവിലാണ് ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തിലെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍വെച്ച് മുരളി അനുകൂലികള്‍ ആക്രമിച്ചത്. ഡിസിസി പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് ഉണ്ണിത്താന്‍ രക്ഷപ്പെട്ടത്. ചീമുട്ടയേറും, കാറിടിച്ച് തകര്‍ക്കലുമെല്ലാമായി സിനിമാരംഗങ്ങളെ തോല്‍പ്പിക്കുന്ന കാര്യങ്ങള്‍ അരങ്ങേറി.

2004 ജൂണ്‍4- കെപിസിസി ഓഫീസെന്ന അങ്കത്തട്ട്
കെ കരുണാകരനുമായി തെറ്റിപ്പിരിഞ്ഞ മുരളീധരന്‍ ഐ ഗ്രൂപ്പിനെതിരെ പരസ്യമായി നിലപാടെടുക്കുന്ന കാലം, അന്ന് കെപിസിസി പ്രസിഡന്റാണ് മുരളി. മുരളീധരനെതിരെ നീചമായ ആരോപണങ്ങളുമായി ശരത്ചന്ദ്രപ്രസാദും ഉണ്ണിത്താനും രംഗത്തെത്തി. ഇങ്ങനെയായിരുന്നു ഉണ്ണിത്താന്റെ ആരോപണങ്ങള്‍.

തൊട്ടടുത്ത ദിവസം കെപിസിസി എക്സിക്യുട്ടീവില്‍ പങ്കെടുക്കാനെത്തിയ  ഉണ്ണിത്താന് മുരളി അനുകൂലികള്‍ നല്‍കിയ സ്വീകരണം ഇങ്ങനെയായിരുന്നു. 30ലധികം പ്രവര്‍ത്തകരാണ് ശരത്ചന്ദ്ര പ്രസാദിനെയും, രാജ്‌മോഹന്‍ ഉണ്ണിത്താനെയും മര്‍ദിച്ചത്. ഇരുവരും സഞ്ചരിച്ച ഒമ്‌നി വാന്‍ അടിച്ചു തകര്‍ത്തു. മുണ്ട് പോലും കീറിയെറിഞ്ഞ നിലയിലുള്ള ഉണ്ണിത്താന്റെ ചിത്രം കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് അന്ന് വഴിവെച്ചത്. പിന്നാലെ കോണ്‍ഗ്രസ് ഉണ്ണിത്താനെതിരെ നടപടിയുമെടുത്തിരുന്നു.

2014 ആഗസ്റ്റ് 12- സോളാര്‍ വിഴുപ്പ് പേറി, തല്ലുംകിട്ടി
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വേണ്ടി ചാവേറായത് ഉണ്ണിത്താനുള്‍പ്പെടെയുള്ള നേതാക്കളാണ്. സോളാറില്‍ അന്നത്തെ പ്രതിപക്ഷനേതാവ് വിഎസിന്റെ ആരോപണമുനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലേക്കും നീങ്ങി. അതിന് ഉടന്‍ കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനം വിളിച്ച് ഉണ്ണിത്താന്റെ മറുപടി. സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാനസെക്രട്ടറി കോടിയേരിയുടെ കുടുംബാംഗങ്ങളെ ഓരോരുത്തരെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ നിരവധി പരാമര്‍ശങ്ങളാണ് ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. പിറ്റേന്ന് തിരുവനന്തപുരത്ത് ഉണ്ണിത്താന്‍ ട്രെയിനിറങ്ങി. അന്ന് 2014 സോളാറില്‍ എല്‍ഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം നടക്കുന്ന ദിവസമാണ്. സിപിഐഎം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ തലങ്ങും വിലങ്ങും ഓടിച്ചിട്ട് മര്‍ദിച്ചു. സിആര്‍പിഎഫ് ഭടന്മാരുടെ സഹായത്തോടെയാണ് ഉണ്ണിത്താന്‍ ആശുപത്രിയിലെത്തിയത്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ഉണ്ണിത്താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

2009 ഡിസംബര്‍ 20- ബാംഗ്ലൂര്‍ പോകും വഴി മഞ്ചേരിയില്‍ അടി
2009 ഡിസംബര്‍ 20ന് അര്‍ധരാത്രിയിലാണ് മഞ്ചേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍വെച്ച് ഉണ്ണിത്താനെയും ജയലക്ഷ്മി എന്ന് പേരായ യുവതിയെയും നാട്ടുകാര്‍ തടഞ്ഞുവെക്കുന്നത്. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. ഇതിനിടയില്‍ നാട്ടുകാര്‍ ഉണ്ണിത്താനെ മര്‍ദിച്ചു. വൈദ്യപരിശോധനയില്‍ ഇരുവരും തമ്മില്‍ ലൈംഗികബന്ധം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. എങ്കിലും ആറ് മാസക്കാലമായി ഉണ്ണിത്താന്‍ സ്ഥിരമായി ഇവിടെ ആര്‍ക്കൊക്കെയോ ഒപ്പം വരാറുണ്ടെന്ന് അയല്‍ക്കാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന്‍ പഠിക്കുന്ന ബംഗലൂരുവിലേക്ക് പോകുകയായിരുന്നുവെന്നും ലിഫ്റ്റ് നല്‍കിയതാണ് എന്നുമായിരുന്നു അന്ന് ഉണ്ണിത്താന്‍ പറഞ്ഞത്. ഉണ്ണിത്താനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നിരുന്നു. ഉണ്ണിത്താനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു.

കൊണ്ടുംകൊടുത്തും മുന്നേറിയ നേതാവാണ് ഉണ്ണിത്താനെന്ന് ചുരുക്കം. ആ ഉണ്ണിത്താന്‍ തല്ലാന്‍ വരുന്നവരോട് മുണ്ട് കരുതിയിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടും രാഷ്ട്രീയകേരളത്തിന് അദ്ഭുതമുണ്ടാകില്ല. കാരണം ഇതൊക്കെ ഉണ്ണിത്താനെത്ര കണ്ടതാണെന്ന് കേരളത്തിന് അറിയാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top