special page

വിശ്വാസപൂര്‍വ്വം മന്‍സൂര്‍; പിടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രം

തൃശ്ശൂര്‍: ഒരിടവേളക്ക് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ആനന്ദം എന്നചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ മാത്യു നായക കഥാപാത്രമാകുന്ന ചിത്രത്തില്‍ സമകാലിക സംഭവവികാസങ്ങളാണ് കഥാതന്തു. വന്‍ നഗരത്തിലെ കലാപത്തില്‍ നിന്നും രക്ഷതേടിയെത്തുന്ന അമ്മയ്ക്കും മകള്‍ക്കും മലബാറിലെ മാളിയേക്കല്‍ വീട് തണലായി മാറുന്നു.

മന്‍സൂറും ഉമ്മ ഫാത്തിബിയും മന്‍സൂറിന്റെ സുഹൃത്ത് സൌമ്യയും സഹോദരന്‍ ജയരാജും ഇവര്‍ക്ക് സമ്മാനിക്കുന്നത് പുതുലോകമാണ്. എന്നാല്‍ കെട്ടുകഥകളും ഊഹാപോഹങ്ങളുംകൊണ്ട് ഈ ജീവിതങ്ങളെയെല്ലാം കലുഷിതമാക്കി മാറ്റുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമകാലിക സംഭവങ്ങളുമായി വിശ്വാസപൂര്‍വ്വം മന്‍സൂര്‍ അടുത്തുനില്‍ക്കുന്നു. ഫെബ്രുവരി 24ന് തലശേരിയില്‍ വെച്ചാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്.  പ്രയാഗ മാര്‍ട്ടിന്‍, ഗൌതമി, ശ്വേതമേനോന്‍, രഞ്ജി പണിക്കര്‍ വികെ ശ്രീരാമന്‍, സജിത മഠത്തില്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.

വെര്‍ജിന്‍ പ്ലസ് മൂവീസിന് വേണ്ടി കെ.വി.മോഹനന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് ജയകൃഷ്ണന്‍ കാവിലാണ്. റഫീക് അഹമ്മദ്,പ്രഭാവര്‍മ്മ, പ്രേംദാസ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന്‍ ഈണം നല്‍കുന്നു. ചിത്രം മെയ് മാസത്തില്‍ പുറത്തിറക്കാനാകുമെന്നാണ് അണിയപ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top