special page

നോട്ട് നിരോധനം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ അഴിമതി; മോദിക്കെതിരെ സംയുക്തമായി ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും

രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും

ദില്ലി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. സ്വാതന്ത്ര്യത്തിന് ശേഷമുള്ള വന്‍ അഴിമതിയാണ് നോട്ട് നിരോധനം എന്ന് ഇരുവരും പറഞ്ഞു. ദില്ലിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

സ്വാതന്ത്രത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പൊതു അജണ്ട രൂപീകരിക്കേണ്ടതുണ്ട്. അച്ഛേ ദിന്‍ എന്ന പേരില്‍ ഇന്ത്യയിലെ കര്‍ഷകരെയും പാവപ്പെട്ടവരെയും കൊള്ളയടിക്കുകയാണ് മോദി ചെയ്യുന്നതെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.

നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ സാധാരണക്കാരെ വേട്ടയാടുകയാണ്. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്താണെന്നും, നോട്ട് അസാധുവാക്കല്‍ മൂലം പ്രതിസന്ധിയിലായവര്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡിസംബര്‍ 30 അടുത്തെത്തി. പക്ഷേ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള അന്‍പത് ദിവസത്തിനുള്ളില്‍ രാജ്യം 20 വര്‍ഷം പിന്നിലേക്ക് പോയെന്നും മമത പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top