നീതിപൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ എംഎം മണി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരന്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസില്‍ നീതി പൂര്‍വമായ അന്വേഷണം നടക്കണമെങ്കില്‍ എംഎം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കേസില്‍ നീതിപൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണം. അധികാരത്തിന്റെ പിന്‍ബലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സാക്ഷികള്‍ക്കും മേല്‍ സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയേറെയാണ്. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെപ്പോലും ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നതില്‍ സംശയമില്ലെന്നും സുധീരന്‍ ആരോപിച്ചു.

മണിയപ്പോലെ എന്തും ചെയ്യാനും പറയാനും മടിയില്ലാത്തൊരാളാകുമ്പോള്‍, പ്രത്യേകിച്ചും. ഗുരുതരമായ നിയമ, ധാര്‍മ്മിക പ്രശ്‌നമാണ് ഉണ്ടായിട്ടുള്ളത്. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം സ്വതന്ത്രമായി നടക്കുന്നതിനു സാഹചര്യം ഒരുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ മണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ എംഎം മണിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചതും  സിപിഐഎമ്മിന് തിരിച്ചടിയായി. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതായിരിക്കും വിഎസിന്‍റെ കത്തെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന വികാരം. എന്നാല്‍ വിഎസ് കത്തയച്ചതിനെക്കുറിച്ച് തനിക്കറിവില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top