special page

‘നിനക്ക് മരിക്കേണ്ടെ പെണ്ണേ?; ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയ്ക്കും ഭാര്യയ്ക്കും നേരെ സദാചാര പൊലീസുകാരുടെ കമന്റ് ആക്രമണം

സദാചാരം രാജ്യത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ പറ്റി നിരന്തരം ജാഗരൂകരാകുന്ന ഇത്തരക്കാരെ നമ്മുടെ നിയമപാലക്കാരായ പൊലീസുകാരെ നിയമിക്കുന്നത് പോലെ അപേക്ഷ ക്ഷണിക്കലോ കൂടികാഴ്ചയോ നിയമനമോ പരിശീലനമോ ഒന്നുമില്ലാതെയാണ് നിയമിക്കപ്പെടുന്നത്. സ്വയം ഒരു തസ്തികയിലേക്ക് നിയമിക്കപ്പെടുകയാണ്. മതത്തിന്റെയോ ജാതിയുടെയോ അംഗികാരം ഇല്ലാത്ത ഇത്തരക്കാര്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലൊക്കെ വാണരുളുന്നുണ്ട്.

നിരവധി പേരാണ് ഇത്തരക്കാരുടെ ലൈംഗീക-മത അസഹിഷ്ണുതയ്ക്ക് ഇരകളായിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ് ഒടുവിലത്തെ ഇര. കഴിഞ്ഞ ദിവസം ഷമി തന്റെ ഭാര്യയുമൊത്തുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍ കൈ നീളമില്ലാത്ത് ഒരു ഗൗണ്‍ ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് സദാചാര പൊലീസുകാരെ ചൊടിപ്പിച്ചത്. ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷമിയേയും ഭാര്യയേയും മതം പഠിപ്പിക്കാനെത്തിയത്.

ഒരു മുസ്ലിമാണെന്ന കാര്യം ഷമിയും ഭാര്യയും മറക്കരുതെന്നും ഭാര്യ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടത് ഷമിയാണെന്നും കമന്റുകള്‍ വന്നു. മിക്ക കമന്റുകളും ഷമിക്കുള്ള ഉപദേശമായിരുന്നു. ഭാര്യ ആചാരം തെറ്റിക്കുന്നില്ലെന്ന് ഷമി തന്നെയാണ് ഉറപ്പാക്കേണ്ടത്. സമുദായത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും ഷമിക്ക് നിര്‍ദേശം ലഭിച്ചു.

ചിലര്‍ക്ക് പറയാനുള്ളത് ഷമിയുടെ ഭാര്യയോടാണ്. സമുദായത്തെ മറന്ന് കളിക്കരുതെന്നും മരിക്കണമെന്ന ചിന്ത ഉണ്ടാകണമെന്നും ഇത്തരക്കാര്‍ കമന്റിട്ടു. എന്നാല്‍ ഷമിക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തി. അതില്‍ പ്രമുഖന്‍ ഇന്ത്യന്‍ മന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ആയിരുന്നു. ഷമിയുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍ ലജ്ജാകരമാണെന്നും ഷമിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കൈഫ് കുറിച്ചു.

ഒരാള്‍ എന്ത് ധരിക്കണമെന്ന് പറയുന്ന മതത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതായി അറിയിച്ച ചിലര്‍ ഷമിയെ പിന്തുണയ്ക്കുന്നതായും അറിയിച്ചു. വൈകാതെ ഷമി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ ഷമിയെ അധിക്ഷേപിച്ചാണ് കമന്റുകള്‍ വന്നതെങ്കിലും ട്വിറ്ററില്‍ ഷമിയ്ക്ക് പൂര്‍ണ പിന്തുണകളുമായാണ് ആരാധകര്‍ എത്തിയത്.

പുരുഷാധികാരത്തിന്റെ ചോര കിനിയുന്ന തേറ്റപ്പല്ലുകളെ എക്കാലവും പൊതിഞ്ഞു പിടിക്കാമെന്ന പൗരോഹിത്യത്തിന്റെ കറുത്ത വ്യാമോഹമാണ് പര്‍ദ മൂടിയ സ്ത്രീമുഖം പ്രതിനിധീകരിക്കുന്നതെന്ന് ചിലര്‍ കമന്റിട്ടു. ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ഉപയോക്താക്കള്‍ പിന്തുണ അറിയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top