special page

ശബരിമല അപകടത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ; അപകട കാരണം പൊലീസിന്റെ കയ്യിൽ നിന്ന് വടം വീണു പോയത്

പത്തനംതിട്ട: ശബരിമലയില്‍ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകട സമയത്ത് പത്തില്‍ താഴെ പോലീസുകാരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഇത് അപകടത്തില്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിക്ക് കൈമാറി. അതേ സമയം, സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐജി ശ്രീജിത്തിനോട് റിപ്പോര്‍ട്ട് തേടി.

ഇന്നലെ തങ്ക അങ്കി യാത്രയോട് അനുബന്ധിച്ച് ശബരിമലയില്‍ അനുഭവപ്പെട്ട തിക്കിലും തിരക്കിലുംപെട്ട് മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും പമ്പയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പരുക്കേറ്റവര്‍ക്ക് സൗജന്യമായി ചികിത്സയൊരുക്കും. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ദേവസ്വം വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലന്നെും മന്ത്രി പറഞ്ഞു.

വടം പൊട്ടിയതു മൂലമല്ല അപകടമുണ്ടായതെന്നും തിരക്ക് വര്‍ധിച്ചതിനാലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ദേവസ്വം ബോര്‍ഡംഗങ്ങളായ കെ. രാഘവന്‍, അജയ് തറയില്‍, ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top