special page

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ ; തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും

സന്നിധാനം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യഘട്ടം ഇന്നു പൂര്‍ത്തിയാവും. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക് 12 നും 12.15 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠരര്‍ രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ഇന്നലെ വൈകിട്ടാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തിയത്. ആയിരക്കണക്കിന് ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനത്തിനായി എത്തിയത്. നിയന്ത്രണമുണ്ടായിരുന്നതിനാല്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമായത്. ഇന്നത്തെ ഉച്ചപൂജയാണ് മണ്ഡലപൂജയായി കണക്കാക്കുന്നത്.

കലശത്തോടെയും കളഭാഭിഷേകത്തോടെയുമാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിയ്ക്കുക. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ കളഭവും 25 കലശവും പൂജിയ്ക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഇതിനു ശേഷം കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം
നടത്തും. ശേഷം പ്രസന്ന പൂജയ്ക്കായി നടയടയ്ക്കുന്ന സമയം വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിയുന്നതോടെ മണ്ഡലപൂജ സമാപി്ക്കും. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് അഞ്ചരയ്ക്കാണ് നടതുറക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top