കണ്ണൂരിലെ വിദ്യാലയങ്ങളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനം നടക്കുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍; നടപടി ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കത്തയച്ചു

ഫയല്‍ ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. നടുവില്‍ വളപട്ടണം ഹയര്‍സെക്കന്ററി സ്കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജയരാജന്‍ വെളുപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

പരിശീലനത്തിന്റെ ഉള്ളടക്കം ആയുധം ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ജയരാജന്‍ പറയുന്നു. എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക എന്ന് പരിശീലകര്‍ക്കുള്ള നിര്‍ദ്ദേശ പുസ്തകത്തില്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

ഡിജിപിക്ക് അയച്ച പരാതി

സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഈ പരിശീലനത്തിന്റെ വേദികളെന്നും പരിശീലനത്തിന് സ്ഥലം അനുവദിച്ച സ്‌കൂള്‍ മാനേജ്‌മെന്റുകളും കുറ്റക്കാരാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ അധികാരികള്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധ പരിശീലനത്തിന്റെ ഭാഗമാണ് ഇതെന്നും ഇങ്ങനെ പരിശീലനം നടത്തുന്നത് നിയമവുരുദ്ധമാണെന്നും ജയരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പൊലീസ് മേധാവി, ഇന്റലിജന്‍സ് എഡിജിപി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ജയരാജന്‍ പരാതി നല്‍കിയിരിക്കുന്നത്.

പി ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

“കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഹയര്‍സ്സെക്കണ്ടറി സ്‌കൂള്‍,വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ എസ് എസ് പ്രാഥമിക ശിക്ഷ വര്‍ഗ്ഗ് എന്ന പേരില്‍ ആയുധ പരിശീലനം നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ജനവരി 1 വരെ നീണ്ട് നില്‍ക്കുന്നതാണ് ഈ ആയുധ പരിശീലനം.ഇത് സംസ്ഥാന വ്യാപകമായി നടക്കുന്ന ആയുധപരിശീലനത്തിന്റെ ഭാഗമാണ്. പരിശീലനത്തിന്റെ ഉള്ളടക്കം ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആയോധന മുറകളാണെന്ന് വ്യക്തമായ തെളിവുകളുണ്ട്. ‘എതിരാളികള്‍ക്ക് അവസരം നല്‍കാതെ അങ്ങോട്ട് ആക്രമിക്കുക  എന്ന് പരിശീലകര്‍ക്കുള്ള നിര്‍ദേശ പുസ്തകത്തില്‍ പറയുന്നുണ്ട്.

ഇങ്ങനെ പരിശീലനം നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നുമാത്രമല്ല സര്‍ക്കാര്‍ സമരത്തിക സഹായം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയാണ് ഈ പരിശീലനതിന്റെ വേദികള്‍. ഈ പരിശീലനത്തിന് സ്ഥലം അനുവദിച്ച സ്‌കൂള്‍ മാനേജ്‌മെന്റുകളും കുറ്റക്കാരാണ്. അതിനാല്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ അധികാരികള്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണം.  ഈ വിവരങ്ങള്‍ സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് എഡിജിപി ക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി”.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top