റിലീസിന് പിന്നാലെ ദംഗല്‍ പൂര്‍ണ രൂപത്തില്‍ ഫെയ്സ്ബുക്കില്‍; ചിത്രം പാകിസ്താനില്‍ നിന്നും അപ്‌ലോഡ് ചെയ്തതെന്ന് സൂചന

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ ഫെയ്‌സ്ബുക്കില്‍. ക്രിസ്മസ് റിലീസായി ഇന്നലെ പുറത്തിറങ്ങിയ ചിത്രമാണ് മണിക്കൂറുകള്‍ക്ക് അകം ഫെയ്‌സ്ബുക്കില്‍ വന്നത്. ദംഗലിന്റെ പൂര്‍ണ രൂപമാണ് ഹാഷിം അഹ് എന്ന ഉപഭോക്താവ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

മൂന്നര ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. ദംഗല്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടതിന് പിന്നാലെ വന്‍തോതില്‍ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിന്നുമാണ് ദംഗലിന്റെ മുഴുനീള പതിപ്പ് അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് പ്രാഥമിക സൂചന. പതിനെട്ടായിരം ഉപഭോക്താക്കള്‍ ഇതിനകം വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം. രാജ്യാന്തര തലത്തില്‍ ചിത്രം അയ്യായിരത്തോളം സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നത്.

അതേസമയം, നിതേഷ് തിവാരി സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ കേന്ദ്രവേഷം കൈകാര്യം ചെയ്യുന്ന ദംഗലിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.  പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ് ആമിര്‍ ചിത്രം ദംഗല്‍. തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മഹാവീര്‍ ഫോഗട്ടിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത കുമാരി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശബാന ആസ്മിയും കരണ്‍ ജോഹറുമാണ് ചിത്രം കണ്ട് ആദ്യം അഭിപ്രായം പറഞ്ഞ രണ്ടുപേര്‍. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ കണ്ട് ഇവര്‍ പറഞ്ഞത് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമെന്നാണ്. ഗുസ്തി ഇന്ത്യയുടെ സ്വന്തമാണ്. പൂഴിമണ്ണിന്റെ മടിത്തട്ടില്‍ കൊമ്പുകോര്‍ക്കുന്ന ഓരോ ഗുസ്തിതാരവും അതുകൊണ്ട് തന്നെ നമുക്ക് വീരപുരുഷന്മാരുമാണ്. എന്നാല്‍ പുരുഷാധിപത്യം നിറഞ്ഞു വാണ ഗോധയിലേയ്ക്ക് തന്റെ പെണ്മക്കളെ ഇടികൂടാന് ഇറക്കിയാണ് മഹാവീര്‍ ഫൊഗട്ട് വ്യത്യസ്തനാകുന്നത്.

ദംഗലിന് മുന്നേ ഗുസ്തി പശ്ചാത്തലമാക്കിയ സുല്‍ത്താന്‍ എന്ന ചിത്രവുമായെത്തി ചരിത്രം തീര്‍ത്ത താരമാണ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. എന്നാല്‍ ദംഗല്‍ സുല്‍ത്താനേയും കടത്തിവെട്ടുമെന്ന വിവരങ്ങളാണ് തുടക്കത്തില്‍ ലഭിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top