സഹാറയില്‍ നിന്നും പണം വാങ്ങിയവരില്‍ ഷീലാ ദീക്ഷിതും, പുറത്തുവിട്ട ലിസ്റ്റില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്

ദില്ലി: സഹാറ ഗ്രൂപ്പില്‍ നിന്നും കോഴ വാങ്ങിയന്നൊരോപിച്ച് കോണ്‍ഗ്രസ് പുറത്തുവിട്ട് ലിസ്റ്റില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും. ദില്ലി മുഖ്യമന്ത്രി ആയിരിക്കെ ഒരു കോടി രൂപ കൈപ്പറ്റിയെന്നാണ് ഷീലയ്‌ക്കെതിരെയുള്ള ആരോപണം. സഹാറയ ഗ്രൂപ്പില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 40 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തിനു പിന്നാലെയാണ് പട്ടികയില്‍ ഷീലാ ദീക്ഷിതിന്റെ പേരും ഉള്‍പ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്.

2013 സെപ്തംബര്‍ 23ന് സഹാറാ ഗ്രൂപ്പ് ഷീലയ്ക്ക് ഒരു കോടി നല്‍കിയെന്നാണ് രേഖകളില്‍. 2013 ഡിസംബര്‍ വരെ ഷീല ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രി. പണം വാങ്ങിയ മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ വിവരങ്ങളും പട്ടികയിലുണ്ട്.

2013 സെപ്തംബര്‍ 29നും ഒക്ടോബര്‍ ഒന്നിനും മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് അഞ്ച് കോടി വിതം നല്‍കി. ഭോപ്പാലില്‍ വെച്ചാണ് പണം കൈമാറിയത്. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നത് ശിവരാജ് സിങ് ചൗഹാനും. ഡല്‍ഹി വെച്ച് 2013 ഒക്ടോബര്‍ ഒന്നിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയ്ക്ക് നാല് കോടി നല്‍കിയെന്നും പട്ടികയില്‍ നിന്നും വ്യക്തമാണ്.

2014 ഫെബ്രുവരിയില്‍ മൂന്ന് തവണകളിലായി ‘ബിജെപി ഓഫീസിലെ’ അരുണ്‍ ജെയ്ന്‍ എന്ന വ്യക്തിയ്ക്ക് 15 കോടി നല്‍കി. ബിജെപി നേതാവ് ഷൈന എന്‍സിക്ക് അഞ്ച് കോടി കൈപ്പറ്റിയതായും പട്ടികയിലുണ്ട്.

മോഡി ഏഴ് തവണകളിലായി അഞ്ച് കോടി രൂപ വിതവും രണ്ട് തവണകളിലായി രണ്ടര കോടി രൂപയും സഹാറാ ഗ്രൂപ്പില്‍ നിന്നും വാങ്ങിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ആദായ നികുതി വകുപ്പിന്റെ കൈവശം ഇതിന്റെ രേഖകളുണ്ട്. രണ്ടര വര്‍ഷമായിട്ടും ഇതില്‍മേല്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 2014 നവംബര്‍ 22ന് സഹാറാ ഗ്രൂപ്പില്‍ നടത്തിയ റെയ്ഡിലാണ് കോഴ നല്‍കിയതിന്റെ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top