ഓര്‍മ്മകളുടെ ഫ്രെയിമില്‍ ആ പൂച്ചക്കണ്ണുകള്‍!


പൂച്ചക്കണ്ണില്‍ നിറയെ ചിരിയുമായി ജീവിതത്തിന്റെ അവസാന ഫ്രെയിമില്‍ നിന്ന് രതീഷ് പുറത്തേക്ക് കടന്നു പോയിട്ട് 14 വര്‍ഷം. മലയാളത്തിലെ മുന്‍ നിര നായകനടന്മാരില്‍ പ്രധാനിയായിരുന്നു രതീഷ്. തുഷാരം എന്ന സിനിമയില്‍ നായകനായതോടെ രതീഷ് മയലാളത്തിലെ അവിഭാജ്യ ഘടകമായി മാറി.

ആലപ്പുഴ പട്ടണക്കാട് പുത്തന്‍പുരയില്‍ രാജഗോപാലിന്റെയും പത്മാവതിയമ്മയുടെയും മകനായിരുന്നു രതീഷ്. സഹസംവിധായകനാവാന്‍ സംവിധായകന്‍ കെജി ജോര്‍ജിനെ കാണാനെത്തിയ ചെറുപ്പക്കാരനെ അഭിനേതാവാക്കാനായിരുന്നു ജോര്‍ജിന് ഇഷ്ടം.

അങ്ങനെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനമായി മാറിയ ‘ഉള്‍ക്കടല്‍’ എന്ന ചിത്രത്തില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായ ‘ഡേവിസ്’എന്ന കഥാപാത്രത്തിലൂടെ രതീഷ് എന്ന നടന്‍ മലയാള സിനിമയില്‍ ഉദയം ചെയ്തു. മലയാളത്തിന്റെ ആക്ഷന്‍ താരം ജയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ വിടവില്‍ പകരക്കാരനായി ഐ.വി. ശശി എന്ന സംവിധായകന്‍ അവതരിപ്പിച്ചത് രതീഷിനെയാണ്.

തുഷാരം എന്ന ചിത്രത്തില്‍ ഭാര്യയെ മാനഭംഗപ്പെടുത്തി കൊന്ന ബ്രിഗേഡിയറോട് അടങ്ങാത്ത പ്രതികാരം കാത്തുസൂക്ഷിച്ച സൈനികന്റെ വേഷം അതുവരെ കണ്ടിട്ടില്ലാത്ത ശൈലിയില്‍ രതീഷ് അഭിനയിച്ചു ഫലിപ്പിച്ചു. തുടര്‍ന്ന് മുഖ്യധാരാ സിനിമയില്‍ ഒരു അവിഭാജ്യഘടകമായി മാറുകയായിരുന്നു രതീഷ്.

1981 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയില്‍ സജീവമായിരുന്നത്. ഈ കാലയളവില്‍ മോഹന്‍ലാലിനും മമ്മൂട്ടിയോടുമൊപ്പം ഈ നാട്, രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, അബ്കാരി, ഉണരൂ, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. 1990ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടു നിന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.

നടന്‍ സത്താറും ആയി ചേര്‍ന്ന് മൂന്നു ചിത്രങ്ങളും അയ്യര്‍ ദി ഗ്രേറ്റ് , ചക്കിക്കൊത്തൊരു ചങ്കരന്‍ എന്നീ ചിത്രങ്ങള്‍ ഒറ്റയ്ക്കും നിര്‍മിച്ചിട്ടുണ്ട്. 2002 ഡിസംബര്‍ 23ന് അദ്ദേഹം അന്തരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top