പ്രേഷകമനസ്സിലേക്ക് ഇടിച്ച് കയറാന്‍ ദംഗല്‍ ഇന്നിറങ്ങുന്നു

മുംബൈ: ചലചിത്ര ആസ്വാദകരുടെ മനസ്സിലേയ്ക്ക് ഇടിച്ചുകയറാന്‍ ഗുസ്തിക്കാരന്‍ അച്ഛനും പെണ്‍ മക്കളും ഇന്ന് ഗോദയില്‍ ഇറങ്ങുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ കേന്ദ്രവേഷം കൈകാര്യം ചെയ്യുന്ന ദംഗലിന്റെ പ്രിവ്യൂ ഷോ കണ്ടവരെല്ലാവരും പറയുന്നത് പടം സൂപ്പര്‍ ഹിറ്റ് എന്നാണ്.  പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമായ ദംഗലിന്റെ പ്രിവ്യു ഷോ കണ്ട പ്രമുഖരുടെ വാക്കുകള്‍ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷകളാണ് ഉണര്‍ത്തുന്നത്.

ശബാന ആസ്മിയും കരണ്‍ ജോഹറുമാണ് ചിത്രം കണ്ട് ആദ്യം അഭിപ്രായം പറഞ്ഞ രണ്ടുപേര്‍. മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ പ്രത്യേക പ്രിവ്യൂ കണ്ട് ഇവര്‍ പറഞ്ഞത് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമെന്നാണ്. റിലീസിന് ഒരു ദിവസം ശേഷിക്കെ സിനിമാപ്രവര്‍ത്തകര്‍ക്കും ദേശീയമാധ്യമങ്ങള്‍ക്കുമായി പ്രിവ്യൂ ഷോ നടത്തി. പ്രശംസയുടെ കൊടുമുടിയിലെത്തിയിരിക്കുകയാണ് ദംഗല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.  ബുധനാഴ്ച നടത്തിയ പ്രിവ്യൂ കണ്ട എല്ലാവര്‍ക്കും ഒരേ അഭിപ്രായം. പടം ഹിറ്റ് തന്നെ.

ഗുസ്തി ഇന്ത്യയുടെ സ്വന്തമാണ്. പൂഴിമണ്ണിന്റെ മടിത്തട്ടില്‍ കൊമ്പുകോര്‍ക്കുന്ന ഓരോ ഗുസ്തിതാരവും അതുകൊണ്ട് തന്നെ നമുക്ക് വീരപുരുഷന്മാരുമാണ്. എന്നാല്‍ പുരുഷാധിപത്യം നിറഞ്ഞു വാണ ഗോധയിലേയ്ക്ക് തന്റെ പെണ്മക്കളെ ഇടികൂടാന് ഇറക്കിയാണ് മഹാവീര്‍ ഫൊഗട്ട് വ്യത്യസ്തനാകുന്നത്.

ഒരു കാലത്ത് മികച്ച ഗുസ്തിതാരമായിരുന്ന മഹാവിറിന് തന്റെ പാരമ്പര്യം തുടരാന്‍ ഒരു മകനെ സാധിക്കുവെന്ന് സ്വപ്നം കണ്ടുനടന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ തങ്ങള്‍ക്കാകുമെന്ന് അദ്ദേഹത്തിന്റെ പെണ്മക്കള്‍ തെളിയിച്ചു.  ലോകമെമ്പാടുമുള്ള അയ്യായിരത്തോളം സ്‌ക്രീനുകളിലാണ് ദംഗല്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്.  അച്ഛനും മക്കളും ചേര്‍ന്നുള്ള ഇടിയുടെ പൂരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top