കൂടുതല്‍ ഉപഭോക്താക്കള്‍ വഞ്ചിച്ചതായി പെയ്ടിഎം; ഏഴ് പേര്‍ക്കെതിരെ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ദില്ലി: ഉപഭോക്താക്കള്‍ തങ്ങളെ വഞ്ചിച്ചെന്ന ഇ വാലറ്റ് കമ്പനി പെയ്ടിഎമിന്റെ പരാതി തുടരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 37 ഓര്‍ഡറുകളിലൂടെ 3.21 ലക്ഷം രൂപ വഞ്ചിച്ച ഏഴ് ഉപഭോക്താക്കള്‍ക്കെതിരെ പെയ്ടിഎമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തു.

നേരത്തെ, നല്‍കിയ പരാതിയ്ക്ക് പുറമെ ഏഴ് ഉപഭോക്താക്കള്‍ കൂടി തങ്ങളെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പെയ്ടിഎം നല്‍കിയ പുതിയ പരാതിയെ തുടര്‍ന്നാണ് സിബി ഐയുടെ നടപടി. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ് മുതലായവക്കെതിരായ ഐടി നിയമപ്രാകാരമാണ് ഇവര്‍ക്കെതിരെ സിബി ഐ കേസെടുത്തിട്ടുള്ളത്. മധുര, ബില്‍വാര മേഖലകള്‍ക്ക് ഒപ്പം, ദില്ലിയിലെ ലോധി കോളനികളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്കെതിരെയാണ് പെയ്ടിഎം പരാതി നല്‍കിയത്.

എന്നാല്‍, യഥാര്‍ത്ഥ പേരുകള്‍ക്ക് പകരം ഹോട്ടി കില്ലര്‍, ബ്രദര്‍ മുതലായ നാമത്തിലുള്ള ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിയ പെയ്ടിഎമിന്റെ നടപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. മധുര ആസ്ഥാനമായ ഹോട്ടി കില്ലര്‍ എന്ന ഉപഭോക്താവ് 2016 മാര്‍ച്ച് 31 മുതല്‍ 2016 ഏപ്രില്‍ 6 വരെയുള്ള കാലയവളവില്‍ ആറ് ഓര്‍ഡറുകളാണ് നല്‍കിയതെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. ഇതില്‍ 45688 രൂപ വില വരുന്ന ഐഫോണ്‍ 6S, 8705 രൂപ വിലവരുന്ന സാംസങ്ങ് ഗാലക്‌സി J2 മുതലായ ഫോണുകളും ഉള്‍പ്പെടുന്നു.

നേരത്തെ, ദില്ലി കേന്ദ്രീകൃതമായ ചില ഉപഭോക്താക്കള്‍, 6.15 ലക്ഷം രൂപയോളം വഞ്ചിച്ചെന്ന് വ്യക്തമാക്കി പെയ്ടിഎം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സിബിഐ, ഉപഭോക്താക്കള്‍ അന്യായമായാണ് റീഫണ്ട് തുക നേടിയതെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള കേസുകള്‍ സിബിഐ വളരെ അപൂര്‍വമായി മാത്രമാണ് ഏറ്റെടുക്കാറുള്ളത്.

തകരാറുള്ള ഉത്പന്നങ്ങള്‍ക്ക് പെയ്ടിഎം ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്യാറുണ്ട്. ഇത് ഉപഭോക്താക്കളില്‍ നിന്നും പെയ്ടിഎം നേരിട്ടാണ് തിരിച്ചെടുക്കുന്നത്. പിന്നീട് ഈ ഉത്പന്നങ്ങള്‍ അതത് വ്യാപാരികളെ പെയ്ടിഎമാണ് ഏല്‍പിക്കുന്നത്. ഇതിനായി പ്രത്യേക കസ്റ്റമര്‍ കെയര്‍ സംഘത്തെ പെയ്ടിഎം നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ അന്വേഷണത്തില്‍ ഉത്പന്നത്തില്‍ സന്തുഷ്ടരാണെന്ന് സാക്ഷ്യമാക്കിയുള്ള ഡെലിവറി റിപ്പോര്‍ട്ട് പെയ്ടിഎമിന് നല്‍കിയിട്ടും, ഉപഭോക്താക്കള്‍ ഉത്പന്നത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റീഫണ്ട് നേടിയിട്ടുണ്ടെന്ന് എം ശിവകുമാര്‍ വ്യക്തമാക്കി.

ഡെലിവറി പൂര്‍ത്തീകരിച്ചതായും ലഭിച്ച ഉത്പന്നത്തില്‍ സന്തുഷ്ടരാണെന്നും ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് ശേഷം റീഫണ്ട് ക്ലെയിം ചെയ്യാന്‍ പാടില്ലെന്ന് പരാതിയില്‍ പെയ്ടിഎം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top