വാതില്‍ തുറക്കാനും കുട്ടിയെ നോക്കാനും ജാര്‍വിസ്; ലോകത്തെ അമ്പരിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി സക്കര്‍ബര്‍ഗ്

സക്കര്‍ബര്‍ഗ്
അയണ്‍ മാന്‍ സിനിമയിലെ ജാര്‍വിസിനെ ഓര്‍മ്മയില്ലേ? ടോണി സ്റ്റാര്‍ക്കിന്റെ സഹായിയായ ജാര്‍വിസ് എന്ന ബട്ട്ലറെ സിനിമ കണ്ടവരാരും മറക്കില്ല. അതുപോലൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായി നമുക്കും വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ആ ആഗ്രഹം സത്യമാകാന്‍ പോകുന്നു. പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ സക്കര്‍ബര്‍ഗാണ്.
കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കര് ബര്‍ഗ് എഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹായിയെക്കുറിച്ച് സംസാരിച്ചത്. 2016 ന്റെ തുടക്കത്തില്‍ അദ്ദേഹം നടത്തിയ വെല്ലുവിളി, അതിന്റെ ആദ്യ പടി കഴിഞ്ഞെന്ന് അറിയിക്കുന്നതായിരുന്നു പോസ്റ്റ്. തനിക്ക് റൂംമേറ്റായി ഒരു സുഹൃത്തിനെ ലഭിച്ചു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അയണ്‍ മാന്‍ സിനിമയിലെ രംഗം
സുഹൃത്തിന്റെ പേര് ജാര്‍വിസ് എന്നാണ്.(അയണ്‍ മാന്‍ സിനിമയിലെ പേരും ഇതുതന്നെ) വീട്ടുകാര്യങ്ങളൊക്കെ നോക്കും. ഓഫീസ് ജോലിയില്‍ സഹായിക്കും. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരെ സ്വീകരിക്കും. പൊന്നോമന മകള്‍ മാക്സിനെ നോക്കും. അവള്‍ക്ക് പാട്ടുപാടി കൊടുക്കും. ഇതൊക്കെ ചെയ്യുന്ന സഹായിയായിരിക്കണം ജാര്‍വിസ് എന്നാണ് സക്കര്‍ബര്‍ഗിന്റെ സ്വപ്നം.
ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം അതിന്റെ ആദ്യപടി വിജയകരമായി പൂര്‍ത്തിയാക്കി എന്നാണ് ഫെയ്സ്ബുക്കിന്റെ ഉടമയായ സക്കര്‍ബര്‍ഗ് പറയുന്നത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ആമസോണിന്റേയുമെല്ലാം ഡിജിറ്റല്‍ ഹോം എഐ സംവിധാനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും സക്കര്‍ബര്‍ഗിന്റെ ജാര്‍വിസ് സാധ്യമായാല്‍. ഭാവിയില്‍ വീടുകളിലെ ജോലിക്കാരനും സഹായിയായുമെല്ലാം ജാര്‍വിസ് മാറിയാല്‍ അത്ഭുതപ്പെടാനില്ല.

തിങ്കളാഴ്ച്ച പദ്ധതിയുടെ ഔദ്യോഗികമായ അവതരണം നടന്നത്. സ്മാര്‍ട്ട് ഫോണില്‍ സംസാരിക്കുമ്പോള്‍ റൂമിലെ ലൈറ്റ് തനിയെ തെളിയുന്ന വീഡിയോയും സക്കര്‍ബര്‍ഗ് പുറത്ത് വിട്ടിരുന്നു. സര്‍ക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ വീട്ടിലെ സഹായിയായി ജാര്‍വിസിനെ വികസിപ്പിച്ചെടുത്തതും. ജാര്‍വിസിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഉടനെ തന്നെ പുറത്ത് വിടുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക