റഷ്യന്‍ അംബാസിഡറുടെ കൊലപാതത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തുര്‍ക്കിയിലെ അമേരിക്കന്‍ എംബസിക്ക് പുറത്തും വെടിവെപ്പ്; എംബസി അടച്ചു

അങ്കാറയിലെ തെരുവില്‍ പൊലീസുകാര്‍

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലുള്ള അമേരിക്കന്‍ എംബസിക്ക് പുറത്ത് വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് എംബസി അടച്ചു. തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

അങ്കാറയിലുള്ള അമേരിക്കന്‍ എംബസിയുടെ പ്രധാന കവാടത്തിനു സമീപം എത്തുകയും പ്രകോപനമില്ലാതെ വെടി വെയ്ക്കുകയുമായിരുന്നുവെന്ന് എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വെടിവെച്ചയാളെ പിടികൂടിയെന്നും എംബസി കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ഇസ്താംബുളിലേയും അഡാനയിലേയും എംബസികളും കോണ്‍സുലേറ്റുകളും അടച്ചു.

പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 03:50-നാണ് (ഇന്ത്യന്‍ സമയം രാവിലെ 06:20) വെടിവെപ്പ് ഉണ്ടായത്. തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡറായ ആന്ദ്രേ കാര്‍ലോവ് ഒരു ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് വെടിയേറ്റു മരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.

അലെപ്പോയിലെ മനുഷ്യക്കുരുതിയാണ് കൊലപാതകത്തിന്റെ പിന്നിലെ കാരണമെന്നാണ് കരുതുന്നത്. അക്രമി അലെപ്പോ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ആള്ളാഹു അക്ബര്‍, ആലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത് തുടങ്ങിയ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയില്‍ റഷ്യന്‍ ഇടപെടല്‍ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top