യുഎപിഎ കേസില്‍ പിണറായിയുടെ ഇടപെടല്‍; ദേശീയഗാന വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് സിപിഐഎം

പിണറായി വിജയന്‍ ( ഫയല്‍ ചിത്രം)

തിരുവനന്തപുരം: ദേശീയഗാനവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. ദേശീയഗാന വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് സിപിഐഎം വ്യക്തമാക്കി. മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ദ്ദേശം നല്‍കിയാതായും സിപിഐഎം അഭിപ്രായപ്പെട്ടു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പോസ്റ്റില്‍ പറയുന്നുണ്ട്. ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി പത്രങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചിരിക്കുകയാണ്. നിലവില്‍ ദേശീയഗാന വിഷയത്തില്‍ സംസ്ഥാനത്ത് ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം നിലവില്ല. പോസ്റ്റില്‍ പറയുന്നു.

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് എഴുത്തുകാരന്‍ കമല്‍ സി ചവറയെ കസ്റ്റഡിയിലെടുക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കമലിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തി സുഹൃത്ത് നദീറനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും യുഎപിഎ ചുമത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് വന്‍പ്രതിഷേധത്തിന് വഴിവെച്ച സംഭവങ്ങളായിരുന്നു ഇത്.

പൊലീസിന്റെ നയങ്ങളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടാവരുതെന്ന് വിഎസ് പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരള പൊലീസ് എന്ന് പൊലീസുകാര്‍ തിരിച്ചറിയണം എന്നും വിഎസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top