അമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തി കുഞ്ഞിന് ‘ജയലളിത’ എന്ന് പേര് നല്‍കി ശശികല നടരാജന്‍

ശശികല നടരാജനും ‘ജയലളിത’ എന്ന പേര് നല്‍കപ്പെട്ട കുഞ്ഞും

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍ കുഞ്ഞിന് നല്‍കിയ പേര് ജയലളിത. എഐഎഡിഎംകെ പ്രവര്‍ത്തകരായ ദമ്പതിമാര്‍ക്ക് കഴിഞ്ഞ ദിവസം പിറന്ന പെണ്‍കുഞ്ഞിനാണ് ‘അമ്മ’യുടെ പേര് നല്‍കിയത്. ജയലളിതയുടെ ഓര്‍മ്മ നിലനിര്‍ത്താനായാണ് ഈ പേര് നല്‍കിയത്.

ശശികല നടരാജന്‍ ‘ജയലളിത’ എന്ന പേര് നല്‍കിയ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ സെന്തില്‍ കുമാറും അമ്മ ഗായത്രിയുമാണ്. തേനി ജില്ലയില്‍ താമസിക്കുന്നവരാണ് ഇവര്‍. സെന്തില്‍ കുമാര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പാര്‍ട്ടി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

‘ചിന്നമ്മ’ എന്ന വിളിപ്പേരുള്ള ശശികല നടരാജന്‍, ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വെച്ചാണ് കുഞ്ഞിന് നാമകരണം നടത്തിയത്. ശശികല നടരാജന്‍ ഇപ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്.

എഐഎഡിഎംകെയുടെ ട്വീറ്റ്:

നേരത്തേ, ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി എഐഎഡിഎംകെയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗമായ ‘ജയലളിത പെറവി’യാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച പ്രമേയവും ഇവര്‍ പാസ്സാക്കി.

ജയലളിതയെ അടക്കിയിട്ടുള്ള മറീനയിലെ അന്ത്യവിശ്രമ സ്ഥലത്തു ചേര്‍ന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പെറവിയുടെ സെക്രട്ടറിയും തമിഴ്‌നാട് റവന്യു മന്ത്രിയുമായ ആര്‍.ബി ഉദയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം മന്ത്രിമാരായ ഉദയകുമാര്‍, സെവൂര്‍ എസ് രാമചന്ദ്രന്‍, കടമ്പൂര്‍ രാജു എന്നിവടക്കം 50 ഓളം നേതാക്കള്‍ പോയസ് ഗാര്‍ഡിനിലെ വസതിയിലെത്തി ശശികലയ്ക്ക് കൈമാറി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top