സിപിഐഎം പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരായ പതിനൊന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

വിഷ്ണുതിരുവനന്തപുരം : സിപിഐഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് മറ്റൊരു പ്രതിയെ മൂന്നു വര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികള്‍ക്ക് 65,000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ വിചാരണ നേരിട്ട 14 പേരില്‍ 13 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. മുഴുവന്‍ പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ കൈതമുക്ക് സ്വദേശി സന്തോഷ്, മണ്ണന്തല കേരളാദിത്യപുരം സ്വദേശികളായ മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി അരുണ്‍ കുമാര്‍, ബിബിന്‍, സതീഷ്, പേട്ട സ്വദേശി ബോസ്, ചെഞ്ചേരി സ്വദേശി വിനോദ് കുമാര്‍, ശ്രീകാര്യം സ്വദേശി സുഭാഷ്, വട്ടിയൂര്‍ കാവ് സ്വദേശി സതീഷ്, ശിവലാല്‍ എന്നിവരാണ് പ്രതികള്‍.

പതിനാറാം പ്രതി ആയിരുന്ന അരുണ്‍കുമാറിനെ കോടതി വെറുതെ വിട്ടു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ആദ്യത്തെ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സിപിഐഎം ആര്‍എസ്എസ് രാഷ്ട്രിയ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2008 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു വിഷ്ണു കൊലചെയ്യപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top