special page

‘സച്ചിനും കോപ്പലും 40 പേരും ചേര്‍ന്ന് ഉണ്ടാക്കിയ കപ്പല്‍ ടൈറ്റാനിക്കായിരുന്നു, നാളെ പണിക്ക് വരുന്ന ബംഗാളിയുടെ മുഖത്തെങ്ങനെ നോക്കും”; ബ്ലാസ്റ്റേഴ്സ് തോറ്റേക്കാം, തോല്‍ക്കാതെ ട്രോളന്മാര്‍

ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പിന്റെ കലാശക്കൊട്ടില്‍ ഒരിക്കല്‍ കൂടി കൊല്‍ക്കത്തയോട് തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് കൊമ്പന്മാര്‍ വാരിക്കുഴിയില്‍ വീണെങ്കിലും തോറ്റുകൊടുക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറയുകയാണ്. കേരളടീമിനെ വാനോളം പുകഴ്ത്തി ഫൈനല്‍ വരെ എത്തിച്ച ആരാധകരും ചാനല്‍ കമന്ററിയില്‍ കൊമ്പന്മാര്‍ക്കായി ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത ഷൈജു ദാമോദരനുമാണ് മിക്ക ട്രോളുകളുടേയും ഇര.

ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയെ കിരീടം ഇനിയും കിട്ടാക്കനിയായ അര്‍ജ്ജന്റീനയോടും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനോടുമെല്ലാം ഉപമിക്കുന്നവരുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇന്ന് ദുഖിക്കുന്നത് രണ്ട് പേരെയോര്‍ത്താണ്. ചിരിക്കാന്‍ പോലും മറന്ന് ടീമിനായി തന്ത്രങ്ങള്‍ മെനഞ്ഞ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ എന്ന കോപ്പല്‍ ആശാനേയും പിന്നെ ക്രിക്കറ്റില്‍ ഒരു ലോകകപ്പിനായി രണ്ട് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്ന സച്ചിനെന്ന ടീമുടമയേയും.

സച്ചിനും കോപ്പലും 40 പേരും ചേര്‍ന്ന് ഉണ്ടാക്കിയ കപ്പല്‍ ടൈറ്റാനിക്കായിരുന്നു എന്നാണ് ട്രോളന്മാര്‍ പറയുന്നത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത ട്രോളന്മാരുമുണ്ട്. നമ്മള്‍ തോറ്റുകൊടുത്തതല്ല, കപ്പെടുക്കാന്‍ ബംഗാളികളെ വിളിച്ചതാണെന്നാണ് അവര്‍ പറയുന്നത്. ടീമിന്റെ തോല്‍വിയെ നിശിതമായി വിമര്‍ശിക്കുന്നവരുമുണ്ട്. ആരാധക പിന്തുണകൊണ്ട് മത്രം ഒരു ടീമിന് ഫൈനലില്‍ വിജയിക്കാന്‍ കഴിയില്ലെന്നാണ് അത്തരക്കാരുടെ വാദം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയെക്കുറിച്ച് ഉന്നതന്മാരുടെ പ്രതികരണം തേടിയിറങ്ങിയവരുമുണ്ട്. അവര്‍ ചെന്ന് പെട്ടത് ചിറ്റപ്പനെന്ന ഇപി ജയരാജന്റെയടുത്താണ്. സച്ചിന്‍ കളിക്കാതെ മാറി നിന്നതാണ് കേരളത്തിന്റെ പരാജയത്തിന്റെ കാരണമെന്നാണ് പുള്ളിയുടെ മറുപടി.

കൊണ്ട് പോയ്‌ക്കോ കൊണ്ട് പോയ്‌ക്കോ, എന്റെ മൂന്ന് മാസത്തെ വിയര്‍പ്പാണെന്ന് പറയുന്ന ഹെംഗ്ബര്‍ട്ട് മുതല്‍ സികെ വിനീത് വരെയുള്ള താരങ്ങള്‍ കണ്ണീരോടെ പറയുന്നതും ട്രോളുകളില്‍ ഉണ്ട്. രണ്ട് വട്ടം ഫൈനലിലെത്തിയിട്ടും കപ്പ് നേടാനാകാത്തതില്‍ കരയുന്ന ബ്ലാസ്റ്റേഴ്‌സിനെ നോക്കി ചിരിക്കുന്ന അര്‍ജ്ജന്റീന താരങ്ങളും ആരാധകരും വരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. അവര്‍ കപ്പ് നേടിയിട്ട് 25 കൊല്ലമായല്ലോ, അതിന് മുന്നില്‍ ഇതൊന്നുമല്ല.

ഫൈനലില്‍ കൊമ്പന്മാര്‍ വിജയിച്ചിരുന്നുവെങ്കില്‍ ഷൈജുവിന്റെ കമ്മന്ററി എന്തായിരിക്കുമെന്ന് ചിന്തിക്കുന്നവര്‍ മുതല്‍ നാളെ പണിയ്ക്ക് വരുന്ന ബംഗാളിയെ എങ്ങനെ നേരിടുമെന്ന് തലപുകഞ്ഞ് ആലോചിക്കുന്നവരുമെല്ലാം നവമാധ്യമങ്ങളില്‍ സജീവമാണ്. സ്വന്തം ടീമിന് ചങ്ക് പറിച്ചുകൊടുത്തിട്ടും തോല്‍ക്കുന്നത് കാണ്ട് മനം തകര്‍ന്ന് ആരാധകരുടെ അവസ്ഥയാണ് പലരേയും ചിരിപ്പിക്കുന്നത്. മഞ്ഞയില്‍ കുളിച്ചെത്തിയ ആരാധകര്‍ ഇനിയെങ്ങിനെ ഈ തോല്‍വി മറക്കുമെന്ന് അവര്‍ ചോദിക്കുന്നു. തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഹാസ്യത്തിന്റെ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് സോഷ്യല്‍ മീഡിയയുടേയും ട്രോളുകളുടേയും പ്രത്യകത. തോല്‍വിയുടെ വേദന മറക്കാന്‍ ഒരു പകുതി വരെയെങ്കിലും ഇത് സഹായിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top