ഇടിക്കൂട്ടില്‍ മിന്നല്‍പ്പിണരായി വിജേന്ദര്‍; ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് കിരീടം നിലനിര്‍ത്തി

വിജേന്ദര്‍ സിംഗ്

ദില്ലി: ലോക ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗ് നിലനിര്‍ത്തി. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ നോക്കൗട്ടിലൂടെയാണ് വിജേന്ദറിന്റെ വിജയം.

കഴിഞ്ഞ ജൂലൈയിലാണ് വിജേന്ദര്‍ കരിയറിലെ ആദ്യ പ്രൊഫഷണല്‍ കിരീടമായ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് പട്ടം നേടിയത്. നിയമപ്രകാരം ആറു മാസത്തിനുള്ളില്‍ കിരീടം നിലനിര്‍ത്തണം. ആദ്യ പ്രൊഫഷണല്‍ കിരീടം നേടിയ ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ തന്നെയാണ് ഇന്നത്തെ മത്സരവും നടന്നത്.

പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ പരാജയമറിയാതെ ജൈത്രയാത്ര തുടരുകയാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍.  ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ മലര്‍ത്തയടിച്ചായിരുന്നു വിജേന്ദര്‍ ആദ്യ കിരിടം സ്വന്തമാക്കിയത്. പത്ത് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തന്നേക്കാള്‍ പരിചയ സമ്പന്നനായ കെറി ഹോപ്പിനെ വിജേന്ദര്‍ അടിയറവ് പറയിച്ചത്. 2015 ഒക്ടോബര്‍ 10 ന് പ്രഫഷണല്‍ ബോക്‌സിങ്ങിലേക്ക് ചുവട് മാറിയ വിജേന്ദര്‍ സിംഗ് നിലവില്‍ ഇത് വരെ തോല്‍വി അറിയാതെയാണ് മുന്നേറി കൊണ്ടിരിക്കുന്നത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top