നോട്ട് നിരോധനം ‘മോദി നിര്‍മ്മിത ദുരന്തം’; പ്രാധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിനെ മോദി നിര്‍മ്മിത ദുരന്തമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഒരു ശതമാനത്തോളം വരുന്ന പണക്കാര്‍ക്ക് വേണ്ടി മോദി രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ആക്രമിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് പകരം തകര്‍ക്കുകയാണ് മോദി ചെയ്തത്. കര്‍ണാടകയിലെ ബെലഗാവില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

മനുഷ്യ നിര്‍മ്മിത ദുരന്തമെന്നൊക്കെ ചിലതിനെ നാം വിളിക്കാറുണ്ട്. എന്നാല്‍ നോട്ട് നിരോധനം എന്നത് മോദി നിര്‍മ്മിത ദുരന്തമാണെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ക്യൂവിലും മറ്റും കുഴഞ്ഞ് വീണ് നൂറിലധികേ പേരാണ് മരിച്ചത്. ഇവരുടെയൊക്കെ മരണത്തിന്റെ ഉത്തരവാദി മോദിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഫിദല്‍ കാസ്‌ട്രോ മരിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പാര്‍ലമെന്റില്‍ രണ്ട് മിനുറ്റ് മൗനം പാലിച്ച് ദുഖാചരണം നടത്തിയവര്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് മരിച്ചവരുടെ പേരില്‍ ദുഖാചരണം നടത്താന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ അപമാനിക്കുകയാണ് പാര്‍ലമെന്റില്‍ മോദി ചെയ്തത്. സ്വയം കുഴി തോണ്ടുന്നവരാണെന്നാണ് മോദി കര്‍ഷകരെ വിശേഷിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top