ഉപഭോക്താക്കള്‍ 6.15 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയുമായി പെയ്ടിഎം; സിബിഐ കേസെടുത്തു

ദില്ലി: ഉപഭോക്താക്കള്‍ തങ്ങളെ വഞ്ചിച്ചെന്ന പരാതിയുമായി ഇ വാലറ്റ് കമ്പനി പെയ്ടിഎം. ദില്ലി കേന്ദ്രീകൃതമായ ചില ഉപഭോക്താക്കള്‍, 6.15 ലക്ഷം രൂപയോളം വഞ്ചിച്ചെന്ന് പെയ്ടിഎമിന്റെ പരാതിയില്‍ പറുന്നു. സംഭവത്തില്‍ ഉപഭോക്താക്കള്‍ക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കള്‍ അന്യായമായാണ് റീഫണ്ട് തുക നേടിയതെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി.
ഇത്തരത്തിലുള്ള കേസുകള്‍ സിബിഐ വളരെ അപൂര്‍വമായി മാത്രമാണ് ഏറ്റെടുക്കാറുള്ളത്. പെയ്ടിഎമിന്റെ പരാതിയില്‍ പറയുന്ന 15 ഉപഭോക്താക്കള്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൗത്ത് ദില്ലിയിലെ കല്ക്കാജ്, ഗോവിന്ദ്പൂരി, സാകേത് മേഖലകളിലുള്ള 15 പേര്‍ക്കെതിരെയാണ് സിബിഐ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കൊപ്പം, പെയ്ടിഎമിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിലെ ചില ഉദ്യോഗസ്ഥരുടെ പേരുകളും പെയ്ടിഎമിന്റെ പരാതിയില്‍ പറയുന്നുണ്ട്.

തകരാറുള്ള ഉത്പന്നങ്ങള്‍ക്ക് പെയ്ടിഎം ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്യാറുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍ നിന്നും പെയ്ടിഎം നേരിട്ടാണ് തിരിച്ചെടുക്കുന്നതെന്നും നിയമ മാനേജര്‍, എം ശിവകുമാര്‍ പറഞ്ഞു. പിന്നീട് ഈ ഉത്പന്നങ്ങള്‍ അതത് വ്യാപാരികളെ പെയ്ടിഎമാണ് ഏല്പിക്കുന്നത്. ഇതിനായി പ്രത്യേക കസ്റ്റമര്‍ കെയര്‍ സംഘത്തെ പെയ്ടിഎം നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ അന്വേഷണത്തില്‍ ഉത്പന്നത്തില്‍ സന്തുഷ്ടരാണെന്ന് സാക്ഷ്യമാക്കിയുള്ള ഡെലിവറി റിപ്പോര്‍ട്ട് പെയ്ടിഎമിന് നല്‍കിയിട്ടും, 48 ഉപഭോക്താക്കള്‍ ഉത്പന്നത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി റീഫണ്ട് നേടിയിട്ടുണ്ടെന്ന് എം ശിവകുമാര്‍ വ്യക്തമാക്കി.
ഡെലിവറി പൂര്‍ത്തീകരിച്ചതായും ലഭിച്ച ഉത്പന്നത്തില്‍ സന്തുഷ്ടരാണെന്നും ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ നല്കുന്ന റിപ്പോര്‍ട്ടിന് ശേഷം റീഫണ്ട് ക്ലെയിം ചെയ്യാന്‍ പാടില്ലെന്ന് പരാതിയില്‍ പെയ്ടിഎം വ്യക്തമാക്കി. 48 ഉപഭോക്താക്കളുടെ വഞ്ചനയില്‍ തങ്ങള്‍ക്ക് 6.15 ലക്ഷം രൂപ നഷ്ടമായെന്ന് എം ശിവകുമാര്‍ നല്കിയ പെയ്ടിഎമിന്റെ പരാതിയില്‍ പറയുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക