special page

മരിച്ചെന്ന് വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റി; ഒരു ദിവസം ജീവനോടെ മോര്‍ച്ചറിയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

പ്രതീകാത്മക ചിത്രം

ജോഹന്നാസ്‌ബെര്‍ഗ്: ആശുപത്രി അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയ ആള്‍ ഒരു ദിവസത്തിന് ശേഷം ജീവിച്ചു. 28കാരനായ സിസി മിക്കീസെയെയാണ് ഒരു ദിവസത്തിന് ശേഷം ജീവനുള്ള നിലയില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് സംഭവം.

കാര്‍ അപകടത്തില്‍പ്പെട്ട ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഫീനിക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ ശരീരം കാണാനായി ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ശ്വാസമുണ്ടായിരുന്നു. ഉടന്‍ തന്നെ മോര്‍ച്ചറി ജീവനക്കാര്‍ ഇദ്ദേഹത്തെ മഹാത്മ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം ഇദ്ദേഹം വീണ്ടും മരണപ്പെട്ടു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതെന്നും, സംഭവം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ പിതാവ് പീറ്റര്‍ പറഞ്ഞു. തന്റെ മകന് എന്ത് സംഭവിച്ചെന്ന് വിവരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും പീറ്റര്‍ പറഞ്ഞു.

തന്റെ മകന്‍ മരിച്ചുവെന്ന് വിധിയെഴുതിയത് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയണം. ചിലര്‍ അവരവരുടെ ജോലി ചെയ്തില്ല. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും പീറ്റര്‍ പറഞ്ഞു. പ്രവിശ്യയിലെ പൊലീസ് വക്താവ് തണ്ടേക ബേലെ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top