കശ്മീരില്‍ വീണ്ടും ബാങ്ക് കവര്‍ച്ച; പുല്‍വാമയില്‍ ആയുധധാരികള്‍ കവര്‍ന്നത് 13 ലക്ഷം രൂപ


ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ആയുധധാരികള്‍ ബാങ്ക് കൊള്ളയടിച്ച് 13 ലക്ഷം രൂപ കവര്‍ന്നു. ജമ്മുകശ്മീര്‍ ബാങ്ക് ലിമിറ്റഡിന്റെ പുല്‍വാമ ജില്ലയിലെ രത്‌നിപോറ ശാഖയില്‍ നിന്നാണ് ആയുധധാരികാരികള്‍ പണം കവര്‍ന്നത്. വ്യാഴാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഭീകരരെന്ന് സംശയിക്കുന്ന നാല്‍വര്‍ സംഘം ബാങ്കിലെത്തി തോക്ക് ചൂണ്ടി പണം കവരുകയായിരുന്നു.

പൊലീസില്‍ അറിയിക്കാതിരിക്കാന്‍ ജീവനക്കാരുടേയും ബാങ്കിലെത്തിയ ഇടപാടുകാരുടേയും ഫോണുകള്‍ പിടിച്ച് വാങ്ങിയതിന് ശേഷമായിരുന്നു കവര്‍ച്ച. കൊള്ളയടിക്കപ്പെട്ടതില്‍ പുതിയ നോട്ടുകളും ആസാധുവാക്കപ്പട്ട നോട്ടുകളും ഉള്‍പ്പെടുന്നു. കവര്‍ച്ചക്ക് ശേഷം സംഘം വാഹനത്തില്‍ കടന്നു കളഞ്ഞു. ബാങ്ക് കവര്‍ച്ചയെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ബാങ്ക് കൊള്ളക്ക് പിന്നില്‍ ഭീകരരാണെന്നാണ് പൊലീസിന്റെ സംശയം.

നോട്ട് നിരോധനത്തിന് ശേഷം കശ്മീരിലെ വിവിധ ബാങ്കുകളില്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിടുണ്ട്. ഈ മാസം പുല്‍വാമയില്‍ തന്നെ നടക്കുന്ന രണ്ടാമത്തെ ബാങ്ക് കൊള്ളയാണ് ഇത്. ഡിസംബര്‍ എട്ടിന് ജില്ലയില്‍ തന്നെയുള്ള അരിഹാല്‍ ശാഖയില്‍ നിന്ന് ഭീകരര്‍ 10 ലക്ഷത്തോളം രൂപ കൊള്ളയടിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top