തിയറ്ററുകള്‍ പ്രേത ഭവനങ്ങളാക്കാന്‍ എസ്ര വരുന്നൂ; പൃഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയിലര്‍ പുറത്ത്

കൊച്ചി: പ്രേക്ഷകരെ പേടിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ് വരികയാണ് എസ്രയുമായി. കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. അതേസമയം, ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന എസ്രയടക്കമുള്ള ഒരുപിടി ചിത്രങ്ങള്‍ തിയറ്റര്‍ സമരം മൂലം മാറ്റി വെച്ചിരിക്കുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതും സമ്പൂര്‍ണ്ണവുമായ ഹൊറര്‍ ചിത്രമായിരിക്കും എസ്ര എന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. പ്രശസ്തമായ ഹോളിവുഡ് ചിത്രമായ ദ ഒമെന്‍ പോലെ പതിയെ കത്തിപ്പിടിക്കുന്ന ഹൊറര്‍ ചിത്രമായിരിക്കും എസ്ര. ചിത്രം പാരനോര്‍മ്മല്‍ ആക്ടിവിടികളെ കൂറച്ചുകൂടി റിയലിസ്റ്റിക്കായി സമീപിക്കുന്നതായിരിക്കുമെന്നാണ് പൃഥ്വി സൂചിപ്പിച്ചത്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.

എസ്രയുടെ നിര്‍മ്മാണം പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമ ഏറ്റെടുക്കാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിര്‍മ്മാണം മുകേഷ് മെഹ്ത ഏറ്റെടുക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നുമുള്ള ജൂത കുടുംബത്തെ ചുറ്റിപ്പറ്റിയായിരിക്കും എസ്ര കഥ പറയുന്നത്. പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. പ്രിയയുടെ മലയാള അരങ്ങേറ്റ ചിത്രമാണിത്. ടോവിനോ തോമസ്, പ്രതാപ് പോത്തന്‍, വിജയ രാഘവന്‍, ബാബു ആന്റണി, സുദേവ് നായര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുജിത് വാസുദേവിന്റേതാണ് ഛായാഗ്രഹണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top