മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പാരീസ് : 2016 ലെ മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരസ്ഥമാക്കി. നാലാം തവണയാണ് റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കുന്നത്. ബാഴ്‌സലോണയുടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നാണ് റൊണാള്‍ഡോ പുരസ്‌കാരനേട്ടം കൈവരിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റോണിയോ ഗ്രീസ്മാനാണ് മൂന്നാം സ്ഥാനത്ത്.

ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയത്. ലോകമെമ്പാടുമുള്ള 173 മാധ്യമപ്രവര്‍ത്തകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് മികച്ച കളിക്കാരനെ തെരഞ്ഞെടുത്തത്.

റയല്‍ മാഡ്രിഡിന് പതിനൊന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടവും പോര്‍ച്ചുഗലിന് ഈ വര്‍ഷത്തെ യൂറോകപ്പ് കിരീടവും നേടിക്കൊടുത്ത മികവാണ് റൊണാള്‍ഡോയെ ഇത്തവണയും പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2008, 2013, 2014 വര്‍ഷങ്ങളിലും റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. അഞ്ചുവട്ടം ലോക ഫുട്‌ബോളര്‍ പട്ടം കരസ്ഥമാക്കിയ ലയണല്‍ മെസ്സി മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് മുന്നിലുള്ളത്.

നാലുതവണ ലോകഫുട്‌ബോളര്‍ പട്ടം നേടുക എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു. തന്റെ പുരസ്‌കാരനേട്ടത്തിന്, സഹകളിക്കാര്‍, ദേശീയ ടീം, റയല്‍ മാഡ്രിഡ് ടീമംഗങ്ങള്‍, പരിശീലകര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നതായും റൊണാള്‍ഡോ അറിയിച്ചു.

2010 മുതല്‍ ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുമായി ചേര്‍ന്നു പ്രഖ്യാപിച്ചിരുന്ന പുരസ്‌കാരം ഇത്തവണ മുതല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ തനിച്ചാണ് നല്‍കുന്നത്. 2010ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഫിഫ വേള്‍ഡ് പ്‌ളെയര്‍ ട്രോഫിയുമായി സംയോജിപ്പിച്ച് ഫിഫ ബാലന്‍ ഡി ഓര്‍ എന്നാക്കുകയായിരുന്നു.

എന്നാല്‍ പുതുതായി സ്ഥാനമേറ്റ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് ഫ്രാന്‍സ് ഫുട്ബോളുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് സൂചന. ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ജനുവരി ഒമ്പതിന് സൂറിച്ചില്‍ പ്രഖ്യാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top