പിറന്നാള്‍ ദിനത്തില്‍ മകള്‍ ആദിറക്ക് റാണി മുഖര്‍ജിയുടെ സമ്മാനം

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ ആദിത്യ ചോപ്രയുടേയും നടി റാണി മുഖര്‍ജിയുടേയും മകള്‍ ആദിറയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ റാണി മുഖര്‍ജി കുഞ്ഞിന് നല്‍കിയ സമ്മാനം ഏറെ വ്യത്യസ്തമായി. മകളുടെ വരവിന് ശേഷമുണ്ടായ ജീവിതത്തിലെ സുന്ദരമായ അനുഭവത്തെ കുറിച്ചാണ് റാണി ഒരു കത്തിലൂടെ പറയുന്നത്. യഷ് രാജ് ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് റാണി തന്റെ കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആദിറയെ താന്‍ വളരെയധികം സ്‌നേഹിക്കുന്നു. അവള്‍ വന്നതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടായി. അവളാണ് ഇപ്പോള്‍ എന്റെയെല്ലാമെന്ന് റാണി കത്തില്‍ പറയുന്നു. ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത് ഏറെ സങ്കീര്‍ണമാണ്. എങ്കിലും ഞാനത് ആസ്വദിക്കുന്നു. പെട്ടെന്നാണ് നമ്മുടെ ജീവിതം മറ്റൊരാള്‍ക്കായി മാറ്റിവെക്കപ്പെടുന്നത്. അപ്പോള്‍ മുതല്‍ നമ്മള്‍ കുട്ടിക്കായി ജീവിച്ച് തുടക്കും. രാത്രിയോ പകലോ ഉറക്കമില്ല. മക്കളെ വളര്‍ത്തുന്ന ഈ ലോകത്തിലെ എല്ലാ അമ്മമാരുടേയും കുറിച്ച് ഞാന്‍ അപ്പോള്‍ ഓര്‍ക്കും. അവരും ഇതേപോലെയുള്ള നിരവധി അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടല്ലോ. ദൈവം മകളുടെ രൂപത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നല്‍കിയതില്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥയാണെന്ന് റാണി പറയുന്നു.

സ്ത്രീ ഒരു കുഞ്ഞിന് ജന്‍മം നല്‍കുന്ന ദിവസം അവള്‍ പുനര്‍ജനിക്കുകയാണ്. കുഞ്ഞിന്റെ പിറവിക്ക് ശേഷം ഒരു സ്ത്രീ ജനിക്കുന്നത് അമ്മയായാണ്. ആദിറയുടെ പിറവിയോടെ ക്ഷമയും ശാന്തതയും സഹനശക്തിയും തനിക്ക് കൂടിയതായി റാണി സാക്ഷ്യപ്പെടുത്തുന്നു. ഇതൊക്കെ ഒരൊറ്റ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഉണ്ടായ മാറ്റമാണ്. ഒരു അമ്മയായ ശേഷമുള്ള നിമിഷം മുതല്‍ എന്നില്‍ ധാരാളം മാറ്റങ്ങളുണ്ടായി.

ഭയമോ മറ്റ് ആശങ്കകളോ ഇല്ലാത്ത ഒരു നല്ല മകളെ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹം. ധൈര്യവും ബുദ്ധിയും അച്ചടക്കവുമുള്ള ഒരു കുട്ടിയായി ഇവള്‍ മാറണമെന്നും അവളെക്കുറിച്ചോര്‍ത്ത് എല്ലാവരും അഭിമാനിക്കുന്ന തരത്തില്‍ മകള്‍ പെരുമാറട്ടെയെന്നും പിറന്നാള്‍ ദിനത്തില്‍ മകളെ അനുഗ്രഹിച്ചാണ് റാണി കത്ത് അവസാനിപ്പിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top