ഭാസ്കർ ദ റാസ്കല്‍ തമിഴിലേക്ക്; നായകന്‍ അരവിന്ദ് സ്വാമി

രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങി തന്നെയാണ് അരവിന്ദ് സ്വാമി ഇറങ്ങിയിരിക്കുന്നത്. റോജ ഹീറോയുടെ തിരിച്ച് വരവ് ചിത്രമായ കടല്‍ പരാജയമായിരുന്നെങ്കിലും ജയം രവി നായകനായ തനി ഒരുവന്‍ ബ്ലോക്ക് ബസ്റ്ററായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ഭാസ്‌കര്‍ ദ റാസ്‌കലിന്റെ തമിഴ് പതിപ്പില്‍ നായകനാകാനൊരുങ്ങുകയാണ് അരവിന്ദ് സ്വാമി.

നേരത്തെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തായിരിക്കും റീമേക്കില്‍ എത്തുക എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അരവിന്ദ് തന്നെയായിരിക്കും നായകനാവുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. മലയാളത്തില്‍ തുടര്‍ പരാജയങ്ങളില്‍ നിന്നും മമ്മൂട്ടിയ്ക്ക് ആശ്വാസം നേടിക്കൊടുത്ത ചിത്രമായിരുന്നു ഭാസ്‌കര്‍ ദ റാസ്‌കല്‍. മലയാളത്തില്‍ ചിത്രം സംവിധാനം ചെയ്ത സിദ്ധീഖ് തന്നെയായിരിക്കും തമിഴിലും സംവിധാനം ചെയ്യുക.

മലയാളത്തില്‍ മമ്മൂട്ടിയുടെ നായിക തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയായിരുന്നു. തമിഴ് പതിപ്പില്‍ നയന്‍താര തന്നെയായിരിക്കും നായിക എന്നാണ് അറിയാന്‍ കഴിയുന്നത്. ജയസൂര്യ നായകനായ ഫുക്രിയാണ് മലയാളത്തില്‍ സിദ്ധീഖിന്റെ പുതിയ ചിത്രം. തമാശയ്ക്ക് പ്രാധാനം നല്‍കിയൊരുക്കിയിരിക്കുന്ന ഫുക്രിയുടെ ട്രെയിലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിജയ് നായകനായ കാവലന് ശേഷം സിദ്ധീഖ് അണിയിച്ചൊരുക്കുന്ന തമിഴ് ചിത്രമായിരിക്കും ഭാസ്‌കര്‍ ദ റാസ്‌കലിന്റെ റീമേക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top