special page

രണ്ട് വര്‍ഷം കൊണ്ട് ആയിരത്തിലധികം കിലോമീറ്റര്‍ അലഞ്ഞ സെല്‍വരാജ് ഒടുവില്‍ വീട്ടിലെത്തി; ആശുപത്രിക്കിടക്കയിലും മാതൃകയായി  സുഷമാസ്വരാജ്  

sushma

ദില്ലി: ഒടുവില്‍ സെല്‍വരാജ് സ്വന്തം നാട്ടില്‍ തിരിച്ചെത്തി. നാട്ടിലേക്ക് വരാനുള്ള നിയമ നടപടികള്‍ക്കായി രണ്ട് വര്‍ഷം കൊണ്ട് 1000ല്‍ അധികം കിലോമീറ്ററാണ് സെല്‍വരാജ് നടന്നു തീര്‍ത്തത്. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടതിനെത്തുടര്‍ന്നാണ് സെല്‍വരാജിന് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്.

സെല്‍വരാജിനെ സ്വദേശമായ തിരുച്ചിറപ്പള്ളിയില്‍ തിരിച്ചെത്തിയെന്ന വിവരം സുഷമ സ്വരാജ് തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ സെല്‍വരാജിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ദിവസം തന്നെ സുഷമ ദുബായിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗത്തില്‍ സെല്‍വരാജിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.

പ്രവാസികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടാറുള്ള സുഷമ ആശുപത്രിക്കിടക്കയില്‍ വെച്ചാണ് സെല്‍വരാജിന്റെ വിവരവും അറിയുന്നത്. ആശുപത്രിക്കിടക്കയിലായിരുന്നിട്ട് കൂടി സഹായമഭ്യര്‍ത്ഥിച്ചെത്തുന്നവര്‍ക്ക് നേരെ തന്റെ സഹായഹസ്തം നീട്ടുകയാണ് സുഷമ സ്വരാജ്. കഴിഞ്ഞ ഇരുപത് ദിവസമായി ആശുപത്രിയിലാണ് സുഷമ സ്വരാജ്. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ദില്ലി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അമ്മയുടെ മരണത്തിന് ശേഷം നാട്ടില്‍ പോവാനൊരുങ്ങിയ സെല്‍വരാജ് കമ്പനി അവധി നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. നിയമ നടപടികള്‍ക്കായി രണ്ട് വര്‍ഷത്തിനിടയില്‍ ആയിരത്തോളം കിലോ മീറ്ററാണ് സെല്‍വരാജ് നടന്ന് തീര്‍ത്തത്. വണ്ടിച്ചെലവിന് പോലും പണമില്ലാത്തതിനാലാണ് 54 കിലോ മീറ്ററുകളോളം ഒരു ദിവസം സെല്‍വരാജന്‍ നടന്നത്. പലപ്പോഴും പാര്‍ക്കിലാണ് സെല്‍വരാജന്‍ കിടന്നുറങ്ങിയിരുന്നത്.

സുഷമ സ്വരാജിന്റെ ട്വീറ്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി സന്ദേശങ്ങളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന മന്ത്രിയെ പ്രശംസ കൊണ്ട് മൂടുകയാണ് നവമാധ്യമങ്ങള്‍.

പൊതു ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ സുഷമയുടെ സഹായം ലഭ്യമാവാറുണ്ട്. ഇന്നലെ തന്റെ സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത വ്യക്തിയോട് തന്നെ വന്ന് കാണാന്‍ സുഷമ പറഞ്ഞിരുന്നു. പിഎച്ച്ഡി വിദ്യാര്‍ത്ഥി ഗീതാ സിംഗാണ് സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. റിസേര്‍ച്ച് പേപ്പര്‍ അവതരിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് പേവാനിരുന്ന ഗീതയ്ക്ക് വിസ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഗീത സിംഗ് ട്വീറ്റ് ചെയ്തത്. ദയവായി എന്നെ വന്നു കാണൂ. തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നാണ് സുഷമ സ്വരാജ് മറുപടി നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top