ജയലളിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നത് എംജിആറിന്റെ സ്മാരകത്തിന് അരികെ

mgr

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം മറീന ബീച്ചില്‍ സംസ്‌കരിക്കും. എംജിആര്‍ സ്മാരകത്തിന് അടുത്തായിട്ടാണ് ജയലളതിതയ്ക്കും അന്ത്യവിശ്രമം ഒരുക്കുക. സിനിമയിലെയും രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും തന്റെ നായകനായ എംജിആര്‍ മരിച്ച അതേ ഡിസംബറില്‍ തന്നെ മരിക്കണമെന്നത് ജയലളിതയുടെ സ്വപ്നമായിരുന്നു.

ആ സ്വപ്നമാണിപ്പോള്‍ യാദൃശ്ചികമാണെങ്കില്‍ പോലും നിറവേറിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ മരിച്ചത് 1987 ഡിസംബര്‍ 24നാണ്. അനവധി ആളുകളാണ് വിയോഗം താങ്ങാനാവാതെ അന്ന് ആത്മഹത്യ ചെയ്തത്.

എംജിആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ജാനകി പാര്‍ട്ടി നേതൃപദവി ഏറ്റെടുത്തെങ്കിലും അണികളും ജനങ്ങളും ജയലളിതക്കൊപ്പമായിരുന്നു.

എംജിആറിന്റെ പിന്‍ഗാമിയായി രാഷ്ട്രീയത്തിലിറങ്ങിയ ജയലളിത രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കരുണാനിധിയെ മലര്‍ത്തിയടിച്ചാണ് അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുത്ത് തെളിയിച്ചത്. തന്നെ അപമാനിക്കുകയും വേട്ടയാടുകയും ചെയ്ത കരുണാനിധിയോടും അതേരൂപത്തില്‍ തന്നെയാണ് പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ജയലളിത പെരുമാറിയത്. കേന്ദ്രമന്ത്രിമാരടക്കം തടയാനുണ്ടായിട്ടും കരുണാനിധിയെന്ന വൃദ്ധനെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ കാഴ്ച രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

ജയലളിതയെന്ന ഭരണാധികാരിയുടെ ചങ്കുറപ്പും കരുത്തും പ്രകടമാക്കുന്ന നടപടിയായിരുന്നു അത്. പെണ്ണൊരുമ്പെട്ടാല്‍ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിയ സംഭവം. പൊതുയോഗങ്ങളില്‍ ആര്‍ത്തിരമ്പുന്ന ജനലക്ഷങ്ങള്‍ ജയലളിതക്ക് എന്നും ആവേശമാണ്. തന്റെ മുന്‍കാല തെറ്റുകള്‍ തിരുത്തിയ ഭരണമായിരുന്നു കഴിഞ്ഞ തവണയും ഇപ്പോഴും ജയലളിതയുടെ നേതൃത്വത്തില്‍ കാഴ്ച വച്ചത്. പാവപ്പെട്ടവര്‍ക്ക് തണലായി നിരവധി പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്. ആ ഉപകാരത്തിനുള്ള നന്ദിയാണ് ഇപ്പോഴത്തെ തമിഴകത്തിന്റെ കണ്ണീര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top