പാകിസ്താനില്‍ നിന്നും തിരിച്ചടി നേരിടുന്ന പക്ഷം താലിബാന് നിലനില്‍പ്പുണ്ടാകില്ലെന്ന് അഫ്ഗാനിസ്ഥാന്‍

ghani

അഷ്റഫ് ഘാനി

അമൃത്സര്‍: പാകിസ്താനില്‍ നിന്നും തിരിച്ചടി നേരിടുന്ന പക്ഷം, ഭീകരസംഘടനയായ താലിബാന് നിലനില്‍പ്പുണ്ടാകില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി. ഭീകരവാദ വിഷയത്തില്‍ കാബൂളിന് സാമ്പത്തിക സഹായം നല്‍കുന്നതിലുപരി, സ്വന്തം മണ്ണില്‍ നിന്നും താലിബാന്റെ വേരോട്ടം നിര്‍ത്തുകയാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്ന് അഷ്‌റഫ് ഘാനി അറിയിച്ചു.

അയല്‍രാജ്യത്തില്‍ നിന്നും താലിബാന് ശക്തമായ പിന്തുണ ലഭിക്കുകയാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അഷ്‌റഫ് ഘാനി പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ ഭീകരവാദം തളിര്‍ക്കുന്നതിന്റെ കാരണം പാകിസ്താന്‍ മാത്രമാണെന്ന് നിരീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാകിസ്താന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ കലാപം രൂക്ഷമാണെന്നും, താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ സംയക്തമായാണ് തലസ്ഥാനമായ കാബൂളില്‍ വരെ ശക്തിയേറിയ ആക്രമണം നടത്തി വരുന്നതെന്നും പാകിസ്താന്‍ സൂചിപ്പിച്ചു. പാശ്ചാത്ത്യ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള അഷ്‌റഫ് ഘാനിയുടെ സര്‍ക്കാര്‍ താലിബാന്റെ വളര്‍ച്ചയെ തുടര്‍ന്ന് പ്രതിരോധത്തിലായിരിക്കുകയാണെന്നും പാകിസ്താന്‍ വ്യക്തമാക്കി.

നേരത്ത, ഏഷ്യന്‍ മേഖലയിലെ സ്ഥിരതയ്ക്കും വികസനത്തിനും ഭീകരവാദം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്നും മോദി പറഞ്ഞു. ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനത്തിന് മുന്നോടിയായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും, നാലു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ ഭീകരവാദം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മോദി ഈ ആവശ്യമുന്നയിച്ചത്. ഭീകരവാദം, അക്രമം, തുടങ്ങിയവ അഫ്ഗാനിസ്ഥാന്റെയും ഏഷ്യന്‍ മേഖലയുടെയും വികസനത്തിന് തിരിച്ചടിയാണ്. ഈ വിപത്തുകളെ മേഖലയിലെ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസിനെ കൂടാതെ, കിര്‍ഗിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സ്ലോവാക്യ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top