അഴിമതി ആരോപണം: പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; സിയോളില്‍ വന്‍ പ്രതിഷേധറാലി

park

പാര്‍ക് ഗ്യൂന്‍ ഹൈ ( ഫയല്‍ ചിത്രം )

സിയോള്‍: അഴിമതി ആരോപണ വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ചുചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മൂന്നു പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയും ക്രിമിനല്‍നിയമവും ലംഘിച്ച പ്രസിഡന്റിനെ അധികാരത്തില്‍നിന്നു പുറത്താക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയത്തിന്‍മേല്‍ ഈ മാസം ഒമ്പതിനു വോട്ടെടുപ്പ് നടക്കും.

300 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഈ കക്ഷികള്‍ക്ക് 171 സീറ്റുകളുണ്ട്. ഏതാനും സ്വതന്ത്ര അംഗങ്ങളും പ്രസിഡന്റിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കാനാണു പ്രതിപക്ഷനീക്കം. അതിനിടെ ഭരണകക്ഷിയായ സാനെറി പാര്‍ട്ടിയും പാര്‍കിനെ കയ്യൊഴിഞ്ഞു. ഉടന്‍ രാജിവെച്ചൊഴിയാനും അല്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നേരിടാനും പാര്‍ട്ടി പാര്‍കിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ സിയോളിലും പ്രധാനനഗരങ്ങളിലും ഇന്നലെയും വന്‍ പ്രതിഷേധമാര്‍ച്ച് നടന്നു. ഏതാണ്ട് 20 ലക്ഷത്തോളം പേരാണ് സിയോളില്‍ നടന്ന റാലിയില്‍ പങ്കെടുത്തത്. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ വന്‍ റാലികളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. രാജി വെയ്ക്കുകയല്ല, പ്രസിഡന്റിനെ അറസ്റ്റുചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

seol

സിയോളില്‍ നടന്ന പ്രതിഷേധം

ബാല്യകാലസഖിയായ ചോയി സൂന്‍ സിലിന്, പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ അനധികൃതമായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം നല്‍കുകയും ഔദ്യോഗികരഹസ്യരേഖകള്‍ വരെ കൈമാറിയതായുമാണ് ആരോപണമുയര്‍ന്നത്. പ്രസിഡന്റുമായുള്ള അടുപ്പം മുതലെടുത്ത് ചോയി സൂന്‍, സര്‍ക്കാര്‍ വിദേശ ഫണ്ടുകള്‍ വകമാറ്റി അവിഹിതസ്വത്ത് സമ്പാദിച്ചതായും, ഇതിന് പാര്‍ക് കൂട്ടുനിന്നതായുമാണ് ആരോപണം ഉയര്‍ന്നത്. പ്രസിഡന്റിനെതിരായ അഴിമതി ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍കിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്.

ആരോപണവിധേയയും പ്രസിഡന്റിന്റെ ബാല്യകാല സുഹൃത്തുമായ ചോയി സൂന്‍ സിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോയിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി എട്ടുബാങ്കുകള്‍ റെയ്ഡ് ചെയ്ത് അന്വേഷണസംഘം രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തെറ്റു ചെയ്തിട്ടില്ലെന്നു പറഞ്ഞ പാര്‍ക് രാജ്യത്തോടു മൂന്നുവട്ടം ക്ഷമാപണം നടത്തിയിരുന്നു. നാഷണല്‍ അസംബഌ അധികാര കൈമാറ്റം സംബന്ധിച്ച നടപടി ക്രമങ്ങള്‍ക്ക് അംഗീകാരം നല്‍കിയാലുടന്‍ സ്ഥാനമൊഴിയാമെന്നും പാര്‍ക് ഗ്യുന്‍ ഹൈ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം നിരാകരിച്ച പ്രതിപക്ഷം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top