വിവാഹമണ്ഡപം അക്ഷര്‍ധാം ക്ഷേത്ര മാതൃകയില്‍, വിവാഹത്തിനെത്തുന്നത് ഇരുപതിനായിരം അതിഥികള്‍, ചടങ്ങില്‍ പങ്കെടുക്കുന്നത് പനീര്‍ സെല്‍വമടക്കമുള്ള വിവിഐപികള്‍, അടൂര്‍ പ്രകാശിന്റെ മകന്റേയും ബിജു രമേശിന്റെ മകളുടേയും വിവാഹ മാമാങ്കം നാളെ

wedding

തിരുവനന്തപുരം: വരള്‍ച്ചാക്കാലത്തെ വെള്ളം പോലെ പണമില്ലാക്കാലത്ത് ജനം നെട്ടൊട്ടമോടുമ്പോള്‍ നാളെ തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക കോടികള്‍ പൊടിച്ച് വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയുടേയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുടേയും വിവാഹ മാമാങ്കത്തിന്. തമിഴ്‌നാട്ടില്‍ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീര്‍ സെല്‍വമുള്‍പ്പെടെയുള്ള വിവിഐപികളും സംസ്ഥാന മന്ത്രിമാരക്കമുള്ള നൂറുകണക്കിന് വിഐപിമാരുമാണ് നാളെ വൈകുന്നേരം ആറിന് നടക്കുന്ന വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കുക.

ബ്ലോക്ക് ബസ്റ്റര്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി സജ്ജീകരിക്കുന്ന ഷൂട്ടിംഗ് സെറ്റുകള്‍ക്കു സമാനമായി 80,000 സ്‌ക്വയര്‍ ഫീറ്റിലാണ് വിവാഹ വേദി സജ്ജീകരിക്കുന്നത്. ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ തനിപകര്‍പ്പെന്നോണമാണ് വിവാഹ വേദി ഒരുക്കിയിരിക്കുന്നത്. 120 അടി നീളവും 50 അടി പൊക്കവുമാണ് ഈ വിവാഹ വേദിക്കുള്ളത്. ഇരുപതിനായിരത്തില്‍ കുറയാത്ത അതിഥികളെയാണ് ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്.

adoor-biju

കൊത്തുപണികളടങ്ങി തൂണുകള്‍ കൊണ്ട് അലങ്കരിച്ച പ്രവേശനകവാടവും വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും വിശാലമായ നടപ്പാതയുമെല്ലാം അടങ്ങുന്നതാണ് വിവാഹ പന്തല്‍. കഴിഞ്ഞ ഒരു മാസം കൊണ്ടാണ് അഞ്ഞൂറോളം തൊഴിലാളികള്‍ വിവാഹ വേദിയുടെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. സിനിമകലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് വിവാഹ പന്തല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ആറായിരം പേര്‍ക്ക് ഒരുമിച്ച് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് അതിഥികള്‍ക്കുള്ള വിവാഹ പന്തലിന്റെ സജ്ജീകരണം. നൂറിലധികം വിഭവങ്ങളുള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ വിവാഹ സല്‍ക്കാരത്തിനു പിന്നില്‍ ബിജു രമേശിന്റെ തന്നെ രാജധാനി ഇവന്റ് മാനേജ്‌മെന്റ് സംഘമാണ്. തത്സമയം ഭക്ഷണം പാകം ചെയ്തു വിളമ്പുന്നതിനായി ജര്‍മ്മനിയില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തും.

ഗായിക ശ്വേതാ മോഹന്റെ നേതൃത്തിലുള്ള സഘത്തിന്റെ ഗാനമേളയും ബെന്നറ്റ് ആന്റ് ദി ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുള്‍പ്പെടെ വലിയ കലാപരിപാടികളും വിവാഹ വിരുന്നിനോട് അനുബന്ധിച്ച് നടത്തും. വിവാഹത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പാര്‍ക്കിംഗ് പ്രശ്‌നം നേരിടുന്നവര്‍ക്കായി ഇവന്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

15202758_1810724335837182_732395379856451680_n

നോട്ടു ക്ഷാമമോ കറന്‍സി ദുരിതമോ ഇവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടത്തുന്ന കല്യാണത്തിന്റെ പന്തല്‍ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായതെന്ന് ബിജു രമേശ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ജൂണ്‍ 24 ന് തിരുവനന്തപുരത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് നടന്നത്. ബാര്‍കോഴ വിവാദങ്ങള്‍ പുകയുന്നതിനിടെ വിവാദത്തിലകപ്പെട്ടവര്‍ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങുകള്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ചര്‍ച്ചകളില്‍ കത്തിനില്‍ക്കുമ്പോള്‍ വിവാഹ നിശ്ചയത്തിന് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തത് വിവാദങ്ങള്‍ക്കും വഴിതുറന്നിരുന്നു. ചടങ്ങില്‍ നിന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതും വാര്‍ത്തകളില്‍ ഇടം നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top